വെട്ടേറ്റ കേശവൻ, പ്രതി ശ്രീകുമാർ
തൃശ്ശൂര്‍: വളര്‍ത്തുപൂച്ചയെ കാണാതായതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മുത്തച്ഛനെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. തൃശ്ശൂര്‍ എടക്കുളം സ്വദേശി ശ്രീകുമാറാണ് മുത്തച്ഛനായ കേശവനെ(79) ആക്രമിച്ചത്. പരിക്കേറ്റ കേശവന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി ശ്രീകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ലഹരിയിലാണ് പ്രതി മുത്തച്ഛനെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. ലഹരി ഉപയോഗിച്ചശേഷം ശ്രീകുമാര്‍ രാത്രി വീട്ടിലെത്തിയപ്പോള്‍ വളര്‍ത്തുപൂച്ചയെ കാണാനില്ലായിരുന്നു. ഇതോടെ മുത്തച്ഛനുമായി തര്‍ക്കമായി. പൂച്ചയെ മുത്തച്ഛന്‍ മറ്റെവിടെയോ കൊണ്ടുപോയി ഉപേക്ഷിച്ചെന്ന് പറഞ്ഞാണ് യുവാവ് തര്‍ക്കമുണ്ടാക്കിയത്. ഇതിനൊടുവിലാണ് മുത്തച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
വെട്ടേറ്റ മുത്തച്ഛനെ പ്രതി തന്നെയാണ് പിന്നീട് ഇരിങ്ങാലക്കുടയിലെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിക്കുകയും പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വെട്ടേറ്റ കേശവനെ പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ ശ്രീകുമാര്‍ നേരത്തെ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ പതിവായി ലഹരി ഉപയോഗിക്കുന്നയാളാണെന്നും ലഹരിക്കടിമയാണെന്നും പോലീസ് പറഞ്ഞു.
