Photo: x.com/BCCI

ന്യൂയോര്‍ക്ക്: ടി20-ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ. 60-റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 183-റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തു. വിജയത്തോടെ ഇന്ത്യ ലോകകപ്പിന് തയ്യാറെടുത്തു.

ഇന്ത്യ ഉയര്‍ത്തിയ 183-റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 10- റണ്‍സെടുക്കുന്നതിനിടയില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. സൗമ്യ സാര്‍ക്കര്‍(0), ലിട്ടണ്‍ ദാസ്(6), നജ്മുള്‍ ഹൊസ്സൈന്‍(0) എന്നിവരാണ് പുറത്തായത്. തന്‍സിദ് ഹസ്സനും(17) തൗഹിദ് ഹൃദോയും(13) ചേര്‍ന്ന് ചെറിയ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ ഇരുവരും കൂടാരം കയറിയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി. 41-5 എന്ന നിലയിലേക്ക് വീണു.

ശേഷം ഷാക്കിബും മഹ്‌മദുള്ളയും രക്ഷാപ്രവര്‍ത്തനത്തിന് തുടക്കിട്ടു. ഇരുവരും ഭേദപ്പെട്ട കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഷാക്കിബ് 34-പന്തില്‍ നിന്ന് 28-റണ്‍സും മഹ്‌മദുള്ള 28-പന്തില്‍ നിന്ന് 40-റണ്‍സുമെടുത്തു. പിന്നാലെ വന്നവരെല്ലാം വേഗം മടങ്ങിയതോടെ 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 122-റണ്‍സിന് ബംഗ്ലാദേശ് ഇന്നിങ്‌സ് അവസാനിച്ചു. റിഷാദ് ഹൊസ്സൈന്‍(5),ജേകര്‍ അലി(0) എന്നിവര്‍ പുറത്തായപ്പോള്‍യപ്പോള്‍ മഹെദി ഹസ്സന്‍(2) തന്‍സിം ഹസ്സന്‍(1) എന്നിവര്‍ പുറത്താവാതെ നിന്നു. ഇന്ത്യയ്ക്കായി ശിവം ദുബൈയും അര്‍ഷ്ദീപ് സിങ്ങും രണ്ടുവീതം വിക്കറ്റെടുത്തു.

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 182 റണ്‍സെടുത്തത്. ഋഷഭ് പന്ത് അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ ഭേദപ്പെട്ട സംഭാവന നല്‍കിയപ്പോള്‍ രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത സഞ്ജു സാംസണ്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. 6 പന്തിൽ 1 റൺസായിരുന്നു സഞ്ജുവിന്റെ സംഭാവന .

32 പന്തില്‍ നിന്ന് നാല് വീതം സിക്‌സും ഫോറുമടക്കം 53 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സന്നാഹ മത്സരമായതിനാല്‍ തന്നെ പന്ത് പിന്നീട് റിട്ടയേര്‍ഡ് ഔട്ടായി മടങ്ങുകയായിരുന്നു.

രോഹിത് 19 പന്തില്‍ 23 റണ്‍സെടുത്തപ്പോള്‍ ആറു പന്തുകള്‍ നേരിട്ട സഞ്ജു ഒരു റണ്‍ മാത്രമെടുത്ത് പുറത്തായി. 18 പന്തില്‍ നിന്ന് 31 റണ്‍സെടുത്തെങ്കിലും സൂര്യകുമാറിന്റെ ഇന്നിങ്‌സില്‍ പക്ഷേ ഒരു സിക്‌സ് പോലും ഉണ്ടായിരുന്നില്ല. 16 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത ശിവം ദുബെയ്ക്ക് ഐപിഎല്ലിലെ വെടിക്കെട്ട് ആവര്‍ത്തിക്കാനായില്ല. എന്നാല്‍ 23 പന്തില്‍ നിന്ന് നാല് സിക്‌സും രണ്ട് ഫോറുമടക്കം 40 റണ്‍സോടെ പുറത്താകാതെ നിന്ന ഹാര്‍ദിക് പാണ്ഡ്യ മികച്ച പ്രകടനം പുറത്തെടുത്തു.

ക്യാപ്റ്റൻ രോഹിത് ശർമ്മ 19 പന്തിൽ 2 ഫോറും ഒരു സിക്സുംഅടക്കം 23 റണ്സെടുത്തു. നിശ്ചിത ഓവറിൽ ഇന്ത്യ 182 റൺസ് എടുത്തപ്പോൾ ക്രീസിൽ 40 റൺസ് എടുത്ത് ഹർദിക് പാണ്ട്യയും 6 പന്തിൽ 4 റൺസ് എടുത്ത രവീന്ദ്ര ജഡേജയുമായിരുന്നു ഉണ്ടായിരുന്നത്.