ബി.ജെ.പി. കൊടി, പേമ ഖണ്ഡു | Photo: AFP, ANI

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ബി.ജെ.പി. ആധികാരിക വിജയത്തിലേക്ക്. ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. അറുപത് അംഗ നിയമസഭയാണ് സംസ്ഥാനത്തിന്റേത്. വോട്ടെണ്ണല്‍ അവസാന റൗണ്ടുകളിലേക്ക്‌ കടക്കുമ്പോള്‍ 46 മണ്ഡലങ്ങളില്‍ ബി.ജെ.പിയാണ് മുന്നില്‍. എതിരാളികളില്ലാത്തതിനാല്‍ വോട്ടെണ്ണലിനും മുന്‍പേ പത്ത് സീറ്റുകളില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. വോട്ടെണ്ണല്‍ ദിനത്തിലെത്തിയത്.

നിലവില്‍ എന്‍.പി.പി. അഞ്ച് സീറ്റിലും എന്‍.സി.പി മൂന്നു സീറ്റിലും പി.പി.എ. രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ദേശീയതലത്തില്‍ എന്‍.ഡി.എ. സഖ്യകക്ഷിയായ എന്‍.പി.പി. പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചാണ് മത്സരിച്ചത്.

മറ്റാരും പത്രിക സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് നിലവിലെ മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൊവ മേയിന്‍ തുടങ്ങിയ പത്തുപേരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. അതിനാല്‍ അവശേഷിച്ച അന്‍പത് മണ്ഡലങ്ങളിലാണ് വോട്ടെണ്ണല്‍ നടന്നത്. നിലവിലെ നിയമസഭയുടെ കാലാവധി ജൂണ്‍ രണ്ടിന് പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് ഇന്ന് (ഞായറാഴ്ച) വോട്ടെണ്ണല്‍ നിശ്ചയിച്ചത്. സംസ്ഥാനത്തെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലെ (അരുണാചല്‍ വെസ്റ്റ്, അരുണാചല്‍ ഈസ്റ്റ്) എന്നിവിടങ്ങളിലെ ഫലം ജൂണ്‍ നാലിന് അറിയാം.

ദീര്‍ഘകാലം കോണ്‍ഗ്രസിന് മേല്‍ക്കയ്യുണ്ടായിരുന്ന സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്. എന്നാല്‍ 2016-ല്‍ അന്ന് കോണ്‍ഗ്രസിലായിരുന്ന പേമഖണ്ഡു, പാര്‍ട്ടിയുടെ 43 എം.എല്‍.എമാരുമായി ബി.ജെ.പിയിലേക്ക് കൂടുമാറി. ഇതോടെ സംസ്ഥാനത്ത് ബി.ജെ.പി. വേരുപിടിച്ച് വളരുകയും കോണ്‍ഗ്രസിന്റെ വേരറ്റുപോകാനും തുടങ്ങി.

2019-ലെ കക്ഷിനില ഇങ്ങനെ: ബി.ജെ.പി.-41, ജെ.ഡി.യു.-7, എന്‍.പി.പി.-5, കോണ്‍ഗ്രസ്-4, പി.പി.എ.-1, സ്വതന്ത്രര്‍-2 എന്നിങ്ങനെയായിരുന്നു. പിന്നീട് ഇതര പാര്‍ട്ടികളില്‍നിന്നുള്ള നിരവധി എം.എല്‍.എമാര്‍ ബി.ജെ.പിയുടെ കൂട്ടിലേക്ക് അണയുകയും ചെയ്തു.

അറുപത് മണ്ഡലങ്ങളിലും ബി.ജെ.പിക്ക് സ്ഥനാര്‍ഥികളുണ്ടായിരുന്നു. എന്നാല്‍ ഇക്കുറി വെറും 19 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മത്സരിച്ചത്. അതില്‍ ഒരിടത്തു പോലും വിജയിക്കാനും കഴിഞ്ഞില്ല. പത്തു സീറ്റില്‍ അഥവാ ആറിലൊന്ന് സീറ്റില്‍ എതിരില്ലാതെ വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ എത്തിയ ബി.ജെ.പി. വന്‍വിജയത്തിലേക്ക് കുതിക്കുകയും ചെയ്തു. ബൊമഡില, ചൗഖാം, ഹായുലിയാംഗ്, ഇറ്റാനഗര്‍, മുക്തോ, റോയിങ്, സഗാലി, താലി, തലിഹ, സിറോ ഹപോലി എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പി. എതിരില്ലാതെ വിജയം നേടിയത്. അജിത് പവാറിന്റെ എന്‍.സി.പി. 15 സീറ്റിലും പി.പി.എ.( പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശ്) 11 സീറ്റിലുമാണ് വിജയിച്ചത്. എന്‍.പി.പി. 20 സീറ്റിലും ജനവിധി തേടി. ഏപ്രില്‍ 19-നായിരുന്നു അരുണാചല്‍ പോളിങ് ബൂത്തിലെത്തിയത്. 82.95 ശതമാനം പേരാണ് വോട്ട് അവകാശം വിനിയോഗിച്ചത്.

പേമ ഖണ്ഡു തന്നെ മുഖ്യമന്ത്രിയായി തുടരും. ഇത് മൂന്നാംവട്ടമാണ് പേമ ഖണ്ഡു അരുണാചല്‍ മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നത്.