Photo: PTI
ലണ്ടന്‍: പിതാവിന്റെ മരണ വിവരം പുറത്തുവിട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ക്രിസ് വോക്‌സ്. ക്രിക്കറ്റില്‍ നിന്ന് മാസങ്ങളോളം നീണ്ട തന്റെ ഇടവേളയ്ക്കു കാരണം ഇതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ താരമായിരുന്നു വോക്‌സ്. ദുബായില്‍ നടന്ന താരലേലത്തില്‍ 4.20 കോടിക്ക് പഞ്ചാബ് ടീമിലെത്തിച്ച വോക്‌സ് പക്ഷേ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുകയായിരുന്നു. കൂടാതെ ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിലേക്കും വോക്‌സിനെ പരിഗണിച്ചിരുന്നില്ല. ഇതിനൊടുവിലാണ് സോഷ്യല്‍ മീഡിയയിലൂടെ പിതാവിന്റെ വിയോഗവാര്‍ത്ത താരം പുറത്തുവിട്ടത്.
‘എന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു കഴിഞ്ഞമാസം. നിര്‍ഭാഗ്യവശാല്‍ മെയ് മാസത്തിന്റെ തുടക്കത്തില്‍ എന്റെ അച്ഛന്‍ മരിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി എനിക്ക് ഏറ്റവും പ്രധാനപ്പെട്ട ആളുകളോടൊപ്പമാണ് ഞാന്‍, എന്റെ കുടുംബം. ഞങ്ങള്‍ എല്ലാവരും ദുഃഖിതരാണ്. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ നിമിഷങ്ങളിലൂടെ കടന്നുപോകാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍.’ – വോക്‌സ് എക്‌സില്‍ കുറിച്ചു.
പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് ഉടന്‍ മടങ്ങിവരാനാകുമെന്നാണ് പ്രതീക്ഷയെന്നും വോക്‌സ് കൂട്ടിച്ചേര്‍ത്തു. കൗണ്ടിയില്‍ വാര്‍വിക്‌ഷെയറിനു വേണ്ടിയും ഇംഗ്ലണ്ടിനു വേണ്ടിയും കളിക്കാന്‍ തുടങ്ങുമെന്നും താരം വ്യക്തമാക്കി. യുഎഇയില്‍ നടന്ന ഇന്റര്‍നാഷണല്‍ ലീഗ് ടി20 ടൂര്‍ണമെന്റിലാണ് വോക്‌സ് അവസാനമായി കളത്തിലിറങ്ങിയത്.
