ക്ഷേത്രത്തിൽ മോഷണം നടന്ന സ്ഥലം

തിരുവല്ലം(തിരുവനന്തപുരം): കരിങ്കടമുകള്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിന്റെ വാതില്‍പ്പൂട്ടുകള്‍ തല്ലിപൊളിച്ച് മോഷണം. ക്ഷേത്രത്തിന്റെ തിടപ്പളളി, സ്റ്റോര്‍ റൂം, ഓഫീസ് എന്നിവിടങ്ങളിലെ വാതിലുകളിലെ പൂട്ടൂകള്‍ തകര്‍ത്താണ് മോഷണം. ശനിയാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരനാണ് പൂട്ടുകള്‍ തല്ലിതകര്‍ത്ത നിലയില്‍ കണ്ടത്.തുടര്‍ന്ന് ക്ഷേത്ര സെക്രട്ടറി ബി. സജീവ്, പ്രസിഡന്റ് സി. അനില്‍കുമാര്‍ എന്നിവരെ വിവരമറിയിച്ചു.

ക്ഷേത്രത്തിലെ ഓഫീസിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 40000 രൂപ, കാണിക്കവഞ്ചികള്‍ തല്ലിപ്പൊളിച്ചെടുത്ത് 20000 രൂപ, തിടപളളിയിലെയും സ്റ്റോര്‍ റൂമിലെയും പെട്ടികളിലും അലമാരകളിലും സൂക്ഷിച്ചിരുന്ന ചെറുതും വലിതുമായ 30-ലധികം വിളക്കുകള്‍ 20-ലധികം ചെമ്പിലുളള പൂജാ പാത്രങ്ങള്‍, 25 സ്വര്‍ണ്ണപ്പൊട്ടുകള്‍ എന്നിവയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.

ഒരു ലക്ഷം രൂപയോളം വിലയുളള വസ്തുക്കളാണ് മോഷണം പോയതെന്ന് സ്ഥലതെത്തിയ തിരുവല്ലം എസ്.എച്ച്.എ. ആര്‍. ഫയാസ് പറഞ്ഞു. ക്ഷേത്രത്തിന്റെ മതില്‍ ചാടിക്കടന്നാണ് സംഘമെത്തിയതെന്നാണ് സൂചന. മോഷ്ടിച്ച വസ്തുക്കളുമായി പുറത്ത് കടക്കുന്നതിന് ക്ഷേത്രത്തിന്റെ മുന്‍ഭാഗത്തുളള ഗേറ്റിന്റെ പൂട്ടും മോഷ്ടാക്കള്‍ തകര്‍ത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് തിരുവല്ലം എസ്.ഐ. ആര്‍.ബിജുവിന്റെ നേത്യത്വത്തിലുളള പോലീസ് സംഘം പരിസരം പരിശോധിച്ചു. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവല്ലം പോലീസ് കേസെടുത്തു.