Photo | ANI

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് പുരുഷ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി മുന്‍ താരം ഗൗതം ഗംഭീര്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍. പരിശീലക ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഗംഭീര്‍ തയ്യാറായെന്നാണ് സൂചന. ടി20 ലോകകപ്പ് കഴിയുന്നതോടെ നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിയും. ദ്രാവിഡിന്റെ പിന്‍ഗാമിയായി ഗംഭീര്‍ വരുമെന്ന് ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഗംഭീറിനെ പരിശീലകനായി നിശ്ചയിച്ചതാണെന്നും പ്രഖ്യാപനം ഉടന്‍ വരുമെന്നും നേരത്തേ ബി.സി.സി.ഐ. ഉന്നതവൃത്തങ്ങളുമായി അടുത്ത ബന്ധമുള്ള ഐ.പി.എല്‍. ടീമുടമ പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കിരീടം നേടിക്കൊടുത്തതോടെ ഗംഭീറിലെ ‘പരിശീലകന്‍’ വലിയ തോതില്‍ പ്രകീര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

പരിശീലകനെന്ന നിലയില്‍ പേരെടുത്ത വ്യക്തിത്വമാണ് ഗൗതം ഗംഭീര്‍. കൊല്‍ക്കത്തയെ സീസണിലെ ചാമ്പ്യന്മാരാക്കി. ഇതിനുമുന്‍പ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിലായിരുന്നു ഗംഭീര്‍ പ്രവര്‍ത്തിച്ചത്. അവിടെ കെ.എല്‍. രാഹുലിന്റെ നേതൃത്വത്തിലുള്ള ടീമിനെ രണ്ടുവര്‍ഷം തുടര്‍ച്ചയായി പ്ലേഓഫിലെത്തിച്ചു. ഇക്കാര്യങ്ങളെല്ലാം ഗംഭീറിന് അനുകൂലമാണ്.

അതിനിടെ ഇന്ത്യന്‍ പരിശീലകനായി അപേക്ഷ സമര്‍പ്പിക്കാന്‍ ബി.സി.സി.ഐ. അനുവദിച്ച സമയപരിധി അവസാനിച്ചു. മേയ് 27 ആയിരുന്നു അവസാന തീയതി. നരേന്ദ്ര മോദി, അമിത്ഷാ, ഷാരൂഖ് ഖാന്‍ എന്നിവരുടെ വ്യാജ പേരുകളില്‍ ഉള്‍പ്പെടെ മൂവായിരത്തിലധികം അപേക്ഷകളാണ് ബി.സി.സി.ഐ.ക്ക് ലഭിച്ചത്. അപേക്ഷകളില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കിയ ശേഷം ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഭിമുഖം നടത്താനും ബി.സി.സി.ഐ. ആലോചിക്കുന്നുണ്ട്.