മോട്ടോർ വാഹനവകുപ്പ് പിടികൂടിയ ബൈക്ക്.

ടെസ്റ്റ് കഴിഞ്ഞു മടങ്ങുംനേരമാണ് ഗ്രൗണ്ട് പരിസരത്തു വെച്ച് ബൈക്ക് അകാരണമായി റേസ് ചെയ്തത്.

കാക്കനാട്: ഡ്രൈവിങ് ടെസ്റ്റിലെ ‘എട്ട്’ വിജയിച്ച ത്രില്ലില്‍ ഇരുചക്ര വാഹനം ഒന്ന് മൂപ്പിച്ചതേ ഓര്‍മയുള്ളൂ, പിന്നാലെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് നിയമലംഘനങ്ങളുടെ പരമ്പര. യുവാവിന് കൈയില്‍ കിട്ടും മുന്‍പേ ഡ്രൈവിങ് ലൈസന്‍സും തെറിച്ചേക്കും. പിഴയായി 20,000 രൂപയും ചുമത്തി.

രൂപമാറ്റം വരുത്തിയ ബൈക്കില്‍ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ എത്തിയ ഏലൂര്‍ സ്വദേശി നെല്‍സനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ‘ഡബിള്‍ പണി’ ചോദിച്ച് വാങ്ങിയത്. എറണാകുളം ആര്‍.ടി. ഓഫീസിന് കീഴിലുള്ള കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ വെള്ളിയാഴ്ച രാവിലെ ഇരുചക്ര വാഹന ലൈസന്‍സ് ടെസ്റ്റിനാണ് യുവാവ് ബൈക്കില്‍ വന്നത്.

ടെസ്റ്റ് കഴിഞ്ഞു മടങ്ങുംനേരമാണ് ഗ്രൗണ്ട് പരിസരത്തു വെച്ച് ബൈക്ക് അകാരണമായി റേസ് ചെയ്തത്. പുകക്കുഴലിന്റെ ശബ്ദം കേട്ടതോടെ ടെസ്റ്റ് നടത്തുന്ന വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ഐ. അസീം യുവാവിനെ കൈയോടെ പിടികൂടി.

തുടര്‍ന്ന് ഇരുചക്ര വാഹനത്തിന്റെ നമ്പര്‍ സൈറ്റില്‍ പരിശോധിച്ചപ്പോള്‍ 11 നിയമലംഘനങ്ങള്‍ കൂടി കണ്ടെത്തി. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ എറണാകുളം ആര്‍.ടി.ഒ. യ്ക്ക് ശുപാര്‍ശ ചെയ്യുമെന്നും വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ പറഞ്ഞു.