കസ്റ്റഡിയിലെടുത്ത പ്രതി, പിടിച്ചെടുത്ത സ്വർണം
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളംവഴി സ്വര്‍ണം കടത്തിയ യാത്രക്കാരനെയും സ്വര്‍ണം സ്വീകരിക്കാനെത്തിയ ആളെയും പോലീസ് പിടികൂടി. മലപ്പുറം താനാളൂര്‍ സ്വദേശി നാസര്‍(36) കാടാമ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫ(32) എന്നിവരെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. നാസറില്‍നിന്ന് 442 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.
ശനിയാഴ്ച രാവിലെ 8.30-ന് മസ്‌കറ്റില്‍നിന്നുള്ള ഒമാന്‍ എയര്‍ വിമാനത്തിലാണ് നാസര്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനകള്‍ കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഇയാളെ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം രണ്ട് പായ്ക്കറ്റുകളിലാക്കി ഉള്ളംകാലിനടിയില്‍ ബാന്റ് ഉപയോഗിച്ച് കെട്ടിവെച്ചാണ് ഇയാള്‍ കടത്തിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 30 ലക്ഷത്തിലധികം രൂപ വിലവരുമെന്നും പോലീസ് പറഞ്ഞു.
നാസര്‍ കടത്തിക്കൊണ്ടുവന്ന സ്വര്‍ണം വാങ്ങാനായാണ് മുഹമ്മദ് മുസ്തഫ വിമാനത്താവളത്തിലെത്തിയത്. ഇയാളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രണ്ടുപേരെയും വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. തുടര്‍നടപടികള്‍ക്കായി പ്രിവന്റീവ് കസ്റ്റംസിന് വിശദമായ റിപ്പോര്‍ട്ട് കൈമാറുമെന്നും പോലീസ് അറിയിച്ചു.
