പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 57 ലോക്സഭാ മണ്ഡലങ്ങള്‍ വിധിയെഴുത്ത് ആരംഭിച്ചു.

ഒഡിഷ നിയമസഭയിലേക്കുള്ള വോട്ടെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. ഇന്നത്തോടെ ജനവിധി പൂര്‍ണ്ണമാകും. മാരത്തണ്‍ വോട്ടിങ് പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ ശനിയാഴ്ച വൈകീട്ട് പുറത്തുവരുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളിലേക്കാണ് രാജ്യത്തിന്റെ ശ്രദ്ധ. വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശനിയാഴ്ച വൈകീട്ട് അഞ്ചിനുശേഷമാണ് പുറത്തുവരുന്നത്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.

കൊടുംചൂടിന്റെ നടുവിലാണ് ഏഴാംഘട്ടം വോട്ടിടുന്നത്. പഞ്ചാബ് (13 മണ്ഡലങ്ങള്‍), ഹിമാചല്‍ പ്രദേശ് (4), ഝാര്‍ഖണ്ഡ് (3), ഒഡിഷ (6), ഉത്തര്‍പ്രദേശ് (13), ബിഹാര്‍ (8), ബംഗാള്‍ (9), ചണ്ഡീഗഡ് (1) എന്നിവയാണ് അവസാനഘട്ടം വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്. വാരാണസിയില്‍ ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, മുന്‍കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി, പഞ്ചാബ് മുന്‍മുഖ്യമന്ത്രി ചരൺ ജിത് സിങ് ചന്നി, ചലച്ചിത്രതാരം കങ്കണ റണൗട്ട് തുടങ്ങിയവരാണ് അന്തിമഘട്ടം മത്സരത്തിലെ പ്രമുഖര്‍. 904 സ്ഥാനാര്‍ഥികളാണ് മത്സരക്കളത്തിലുള്ളത്.