എയർ ഇന്ത്യ വിമാനം വ്യഴാഴ്ച വൈകിയതോടെ പുറത്ത് കാത്തിരിക്കുന്ന യാത്രക്കാർ| ഫോട്ടോ: X @shwwetapunj
ന്യൂഡല്‍ഹി: എയർ ഇന്ത്യ വിമാനം പുറപ്പെടാൻ അനിശ്ചിതമായി വൈകിയതുമൂലം യാത്രക്കാർ നേരിട്ടത് വിവരണാതീതമായ ദുരിതം. ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് വ്യാഴാഴ്ച പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം 24 മണിക്കൂറോളം വൈകിയതാണ് യാത്രക്കാരെ വലച്ചത്.
എയര്‍ ഇന്ത്യ വിമാനം എ.അയ് 183-യാണ് വൈകിയത്. യാത്രക്കാർ കയറിയ ശേഷം വിമാനം പുറപ്പെടാൻ വൈകുകയായിരുന്നു. കാത്തിരുന്ന യാത്രക്കാരില്‍ പലരും കുഴഞ്ഞുവീണു. ഇതോടെ യാത്രക്കാരിൽ പലരും പ്രതിഷേധം രേഖപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ചു. വിമാനത്തിനുള്ളില്‍ എ.സി പ്രവര്‍ത്തിക്കാതായതോടെയാണ് യാത്രക്കാരില്‍ പലരും കുഴഞ്ഞു വീണത്. തുടർന്ന് വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തേക്കിറക്കി.
വിമാനത്തിനുള്ളിലെ ദുരവസ്ഥ യാത്രക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. വ്യാഴാഴ്ച്ച അര്‍ധരാത്രിയോടെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. രാവിലെ എട്ടുമണിക്ക് വിമാനത്താവളത്തില്‍ തിരിച്ചെത്തണമെന്നാണ് യാത്രക്കാരോട് നിർദേശിച്ചത്. എന്നാൽ രാവിലെ വിമാനത്താവളത്തിലെത്തിയ യാത്രക്കാരോട് തിരിച്ച് ഹോട്ടലിലേയ്ക്കുതന്നെ മടങ്ങാൻ അധികൃതർ നിർദേശിക്കുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വിമാനം പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക തകരാറുകളാണ് വിമാനം വൈകിയതിന് കാരണമൈന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.
