പിടിയിലായ ഷനൂബ്, രാഹുൽ, റിഷാദ്
പെരുമണ്ണ : വ്യക്തിവൈരാഗ്യത്തിന്റെപേരിൽ പെരുമണ്ണ മുണ്ടുപാലത്ത് വീട്ടിൽനിന്ന് വിളിച്ചിറക്കി പിതാവിനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.
മുണ്ടുപാലം പൊന്നാരിത്താഴം മയൂരംകുന്ന് റോഡ് വളയംപറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് ഗവ. ആർട്‌സ് കോളേജ് കോയവളപ്പ് എരഞ്ഞിക്കൽ അബൂബക്കർ(52), മകനായ ഷാഫിർ(26) എന്നിവർക്ക് വെട്ടേറ്റ സംഭവത്തിൽ അയൽവാസിയടക്കം മൂന്നുപേരെയാണ് പന്തീരാങ്കാവ് പോലീസും സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പും ചേർന്ന് പിടികൂടിയത്.
പെരുമണ്ണ മുണ്ടുപാലം വളയംപറമ്പ് ഷനൂബ്(42), പന്തീരാങ്കാവ് വള്ളിക്കുന്ന് വെണ്മയത്ത് രാഹുൽ(35), പന്തീരാങ്കാവ് പന്നിയൂർക്കുളം തെക്കേതാനിക്കാട്ട് റിഷാദ്(33) എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ബെല്ലടിച്ച് വീട്ടുകാരെ വിളിച്ചുണർത്തിയ അക്രമികൾ കൊടുവാളുകൊണ്ട് ഷാഫിറിനെയാണ് ആദ്യം വെട്ടിയത്. തടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അബൂബക്കറിന് വെട്ടേറ്റത്. ഷാഫിറിന് കഴുത്തിനും തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. അബൂബക്കറിന് കൈപ്പത്തിയിലും നെഞ്ചത്തുമാണ് വെട്ടേറ്റത്.
സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട അക്രമികളെ വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട് മാങ്കാവിലെ സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള ലോഡ്‌ജിൽനിന്നാണ് പോലീസ് പിടികൂടിയത്.
പന്തീരാങ്കാവ് പോലീസ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നതിനിടെ പ്രതികളിലൊരാളായ ഷനൂബിന് ഷാഫിറിനോടുള്ള വ്യക്തിവൈരാഗ്യം മനസ്സിലാക്കിയ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും മൊബൈൽഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ ഇയാളെ കണ്ടെത്താനായില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് റിഷാദിനെ പന്തീരാങ്കാവിൽവെച്ച് പിടികൂടുന്നത്. ഇയാളെ ചോദ്യംചെയ്തതിൽനിന്നാണ് മറ്റുരണ്ടുപേർ പോകാനിടയുള്ള സ്ഥലങ്ങളിൽ പോലീസ് രഹസ്യനിരീക്ഷണം നടത്തിയത്. തുടർന്നാണ് മാങ്കാവിലുള്ള സ്വകാര്യ ലോഡ്‌ജിൽ വ്യാജരേഖകൾ ഉപയോഗിച്ച് പ്രതികൾ താമസിക്കുന്നുണ്ടെന്ന വിവരം ലഭിക്കുന്നത്. പിടിയിലായ ഷനൂബ് ഒട്ടേറെ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അബൂബക്കറിന്റെ അയൽവാസിയാണ് ഷനൂബ്. മറ്റുരണ്ടുപേർ ഷനൂബിന്റെ സുഹൃത്തുക്കളാണ്. വേങ്ങര-കോഴിക്കോട് റൂട്ടിലെ ബസ് കണ്ടക്ടറാണ് ഷാഫിർ.
മുച്ചക്രവാഹനത്തിൽ പച്ചക്കറികൾ വിൽപ്പന നടത്തുന്ന ജോലിയാണ് അബൂബക്കറിന്. ഷാഫിറും അബൂബക്കറും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.
