വീട് കത്തിക്കരിഞ്ഞ നിലയിൽ

വെഞ്ഞാറമൂട്: മദ്യലഹരിയില്‍ അമ്മയെ വീടിനുള്ളിലാക്കി മകന്‍ വീട് കത്തിച്ചു. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു വീടിന് തീയിട്ടത്. പ്രാണരക്ഷാര്‍ഥം ഇറങ്ങി ഓടിയതിനാൽ അമ്മ അപകടം കൂടാതെ രക്ഷപ്പെട്ടു. വെഞ്ഞാറമൂട് മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്ലാക്കീഴ് കുന്നു മുകളില്‍ ചെമ്പന്‍ വിനു എന്ന് വിളിക്കുന്ന ബിനു (42) ആണ് മദ്യലഹരിയില്‍ സ്വന്തം വീട് കത്തിച്ചത്.

വീട് കത്തി പുകപടർന്നതോടെ പ്രദേശവാസികള്‍ ഓടിക്കൂടി വെള്ളമൊഴിച്ച് തീ അണയ്ക്കുകയായിരുന്നു. ഒറ്റനില വീട്ടിലെ ടൈല്‍സും സാധന സാമഗ്രികളും നശിച്ചു. വെഞ്ഞാറമൂട് പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടിച്ചുകെട്ടി ലഹരിവിമോചന ചികിത്സയ്ക്കായി പേരൂര്‍ക്കടയിലേക്ക് കൊണ്ടുപോയി. രണ്ടുദിവസം മുന്നേ മാതാവിനെ വിളിച്ചുവരുത്തി തലയില്‍ക്കൂടി ചൂടുവെള്ളം എടുത്തൊഴിച്ചിരുന്നു.

ഇയാള്‍ പരിസരവാസികള്‍ക്കും വലിയ ശല്യമാണെന്നാണ് പരാതി. പ്രദേശത്തെ വീടുകളിലെ ബള്‍ബുകളും ജനലുകളും അടിച്ചുതകര്‍ക്കുകയും മദ്യപിച്ച് ബഹളമുണ്ടാക്കുകയും ചെയ്യാറുണ്ടെന്നാണ് പരാതി. ഇയാള്‍ക്കെതിരെ പോലീസ് സ്റ്റേഷനില്‍ പരാതികളും നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാൾ ജയിലിലും കിടന്നിട്ടുണ്ട്.