സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യം | Photo: Screengrab/ X: Ayo Adesina

ലണ്ടന്‍: ലണ്ടനിലെ ഹാക്കനിയില്‍ വെടിവെപ്പില്‍ പരിക്കേറ്റത് മലയാളിയായ പത്തുവയസ്സുകാരിയടക്കം നാലുപേര്‍ക്ക്. പറവൂര്‍ ഗോതുരുത്ത് സ്വദേശികളായ ആനത്താഴത്ത് അജീഷ്- വിനയ ദമ്പതികളുടെ മകള്‍ ലിസേല്‍ മരിയക്ക് വെടിവെപ്പില്‍ ഗുരുതരപരിക്കേറ്റിരുന്നു. മറ്റു മൂന്നുപേര്‍ മലയാളികളല്ലെന്നാണ് റിപ്പോര്‍ട്ട്.

പത്തുവയസ്സുകാരിയുടെ തലയ്ക്കാണ് വെടിയേറ്റയത്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. റസ്റ്റോറന്റിലുണ്ടായ വെടിവെപ്പില്‍ ലക്ഷ്യം തെറ്റിയാണ് കുട്ടിക്ക് വെടിയേറ്റതെന്നാണ് വിവരം. ബൈക്കില്‍ എത്തിയ ആളാണ് വെടിയുതിര്‍ത്തത്.

ഡല്‍സ്റ്റണിലെ കിങ്‌സ്‌ലന്‍ഡ് ഹൈസ്ട്രീറ്റിലെ റസ്റ്റോറന്റില്‍ കുടുംബത്തോടൊപ്പം ഭക്ഷണംകഴിക്കുകയായിരുന്നു കുട്ടി. ബുധനാഴ്ച രാത്രി പ്രാദേശിക സമയം ഒമ്പതരയോടെയായിരുന്നു സംഭവം. 26, 37, 42 വയസ്സുള്ള യുവാക്കളാണ് പരിക്കേറ്റ മറ്റുള്ളവര്‍. മോഷ്ടിച്ച ബൈക്കിലെത്തിയ ആളാണ് വെടിയുതിര്‍ത്തതെന്നാണ് സംശയം.

കുട്ടിക്ക് പുറമേ, പരിക്കേറ്റ മറ്റൊരാളുടേയും നില ഗുരുതരമാണ്. വെടിയേറ്റവര്‍ക്കും വെടിവെച്ചയാള്‍ക്കും പരസ്പരം പരിചയമില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവസമയത്ത് പരിസരത്ത് ഉണ്ടായിരുന്നവരോട് തങ്ങള്‍ക്കറിയാവുന്ന വിവരങ്ങള്‍ പങ്കുവെക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു.