Photo | x.com/mufaddal_vohra

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ വിരാട് കോലി പുറപ്പെട്ടു. വ്യാഴാഴ്ച രാത്രി മുംബൈ വിമാനത്താവളത്തില്‍നിന്നാണ് കോലി യു.എസിലേക്ക് തിരിച്ചത്. നേരത്തേ പുറപ്പെട്ട ഇന്ത്യയുടെ ആദ്യ സംഘത്തിനൊപ്പം കോലിയുണ്ടായിരുന്നില്ല. ഐ.പി.എല്‍. കഴിഞ്ഞ് കോലി ബി.സി.സി.ഐ.യോട് വിശ്രമം ആവശ്യപ്പെട്ടിരുന്നു.

മുംബൈ വിമാനത്താവളത്തിനു പുറത്തുവെച്ച് കോലി ആരാധകന് ഓട്ടോഗ്രാഫ് നല്‍കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കോലിയല്ലാത്ത എല്ലാ ഇന്ത്യന്‍ താരങ്ങളും ന്യൂയോര്‍ക്കിലെത്തിയിരുന്നു. വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ലണ്ടനില്‍നിന്നാണ് യു.എസിലേക്ക് പുറപ്പെട്ടത്. ഐ.പി.എലിലെ മോശം പ്രകടനവും ക്യാപ്റ്റന്‍സിയെച്ചൊല്ലിയുണ്ടായ മാനസിക സംഘര്‍ഷങ്ങളും ലഘൂകരിക്കുക ലക്ഷ്യമിട്ടാണ് പാണ്ഡ്യ ലണ്ടനിലേക്ക് പുറപ്പെട്ടതെന്നാണ് വിവരം.

അതിനിടെ ഇന്ത്യന്‍ ടീമിന് ഒരുക്കിയിരിക്കുന്ന പരിശീലന സൗകര്യങ്ങള്‍ വേണ്ടത്ര നിലവാരമില്ലാത്തതാണെന്ന വിമര്‍ശനം ഉയരുന്നു. ഇക്കാര്യമറിയിച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഐ.സി.സി.ക്ക് പരാതി നല്‍കി. ഞായറാഴ്ച തുടങ്ങുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിനായി ഇന്ത്യന്‍ ടീം ബുധനാഴ്ചയാണ് പരിശീലനം തുടങ്ങിയത്. നാലിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.