പ്രതീകാത്മക ചിത്രം

കൊച്ചി: കൊച്ചിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് ആക്ഷേപം. സംഭവത്തില്‍ നേപ്പാള്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസ്സിലെ മറ്റുയാത്രക്കാര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടി പോലീസിന് കൈമാറിയത്.

പനങ്ങാട്-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലായിരുന്നു സംഭവം. ആലുവയിലേക്കുള്ള യാത്രയ്ക്കിടെ എറണാകുളം നഗരത്തില്‍വെച്ചാണ് പെണ്‍കുട്ടിക്ക് നേരേ അതിക്രമമുണ്ടായത്. ഉടന്‍തന്നെ ബസ്സിലെ മറ്റുയാത്രക്കാര്‍ ചേര്‍ന്ന് നേപ്പാള്‍ സ്വദേശിയെ പിടികൂടുകയും എറണാകുളം നോര്‍ത്ത് പോലീസിന് കൈമാറുകയുമായിരുന്നു.

അതേസമയം, സംഭവത്തില്‍ പെണ്‍കുട്ടി ഇതുവരെയും പരാതി നല്‍കിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പരാതി നല്‍കിയാല്‍ പ്രതിക്കെതിരേ കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.