ഡി.കെ.ശിവകുമാർ |ഫോട്ടോ:PTI

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തില്‍ മന്ത്രവാദം നടത്തിയെന്ന ആരോപണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. മാധ്യമങ്ങളോടാണ് ഡി.കെ.ശിവകുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മൃഗങ്ങളെ ബലി നല്‍കുന്നതടക്കമുള്ള ശത്രുസംഹാര പൂജയാണ് കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ നടത്തിയത്. തന്നെയും മുഖ്യമന്ത്രിയെയും കര്‍ണാടക സര്‍ക്കാരിനെയും ലക്ഷ്യമിട്ടായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

‘കര്‍ണാടകയിലെ ഞങ്ങളുടെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേരളത്തിലെ ഒരു ക്ഷേത്രത്തിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് മന്ത്രവാദ ചടങ്ങുകള്‍ നടത്തിയതായി എനിക്ക് വിശ്വസനീയമായ വിവരം ലഭിച്ചു. അവര്‍ ‘രാജകണ്ഡക’, ‘മരണ മോഹന സ്തംഭന’ യാഗങ്ങള്‍ നടത്തി. കേരളത്തില്‍ നടക്കുന്ന മന്ത്രവാദ ചടങ്ങുകളേക്കുറിച്ച് അറിയുന്നവരാണ് യാഗങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംബന്ധിച്ച വിവരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയത്’, ഡി.കെ.ശിവകുമാര്‍ പറഞ്ഞു.

താനൊരു വിശ്വാസിയാണ്. തനിക്കും സിദ്ധരാമയ്യയ്ക്കും ജനങ്ങളുടെ അനുഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘അഘോരികള്‍ നടത്തിയിരുന്ന യാഗങ്ങളാണ് നടന്നത്. ‘പഞ്ച ബലി’ (അഞ്ച് യാഗങ്ങള്‍) അനുഷ്ഠാനങ്ങള്‍ നടത്തിയിരുന്നതായും ഞങ്ങള്‍ക്ക് വിവരമുണ്ട്. 21 ആടുകള്‍, മൂന്ന് പോത്തുകള്‍, 21 കറുത്ത ചെമ്മരിയാടുകള്‍, അഞ്ച് പന്നികള്‍ എന്നിവയെ ബലി നല്‍കി. അവര്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ. നാം വിശ്വസിക്കുന്ന ശക്തികള്‍ നമ്മെ സംരക്ഷിക്കും. വീട്ടില്‍നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഞാന്‍ എപ്പോഴും പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാറുണ്ട്’, ശിവകുമാര്‍ പറഞ്ഞു.

എന്നാല്‍, യാഗം നടത്തിയ ഒരാളുടെയും പേരുവിവരം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. കര്‍ണാടകയിലെ ചില രാഷ്ട്രീയക്കാര്‍ ഇതിന് പിന്നിലുണ്ടെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

ആരാണ് ഈ യാഗങ്ങള്‍ ചെയ്തതെന്ന് തങ്ങള്‍ക്കറിയാം. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ലക്ഷ്യംവെച്ചിരിക്കും. അവര്‍ അത് ചെയ്യട്ടെ. താന്‍ ദൈവത്തില്‍ മാത്രമേ വിശ്വസിക്കുന്നുള്ളൂ, മന്ത്രവാദത്തില്‍ വിശ്വസിക്കുന്നില്ലെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. ഇതിനെ പ്രതിരോധിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള പൂജയോ യാഗമോ നടത്തിയോ എന്ന ചോദ്യത്തിന്, താന്‍ വീട്ടില്‍നിന്നിറങ്ങുന്നതിന് മുമ്പ് എപ്പോഴും പ്രാര്‍ഥിക്കാറുണ്ടെന്നായിരുന്നു ശിവകുമാറിന്റെ മറുപടി. അത് തനിക്ക് സംരക്ഷണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.