പ്രതീകാത്മക ചിത്രം | Photo: Bajaj

ബ്രൂസര്‍ ഓഫ് ഇ101 എന്ന കോഡ്നെയിമിലാണ് ഈ സി.എന്‍.ജി. മോട്ടോര്‍സൈക്കിള്‍ നിര്‍മിക്കുന്നതെന്ന് വിവരങ്ങളുണ്ടായിരുന്നു.

ഇന്ത്യയിലെ ആദ്യ സി.എന്‍.ജി. ബൈക്ക് ബജാജില്‍ നിന്ന് നിരത്തുകളില്‍ എത്താനൊരുങ്ങുന്നുവെന്നത് രഹസ്യമല്ല. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജൂണ്‍ 18- ന് രാജ്യത്തെ ആദ്യ സി.എന്‍.ജി. ബൈക്ക് അവതരിപ്പിച്ചേക്കും. സി.എന്‍.ജി. ഇന്ധനമായി ഉപയോഗിക്കുന്ന ബൈക്ക് എത്തിക്കുമെന്ന വിവരം ഒഴിച്ചാല്‍ ഈ വാഹനം സംബന്ധിച്ച കാര്യങ്ങളിലെല്ലാം സസ്‌പെന്‍സ് നിലനിര്‍ത്താന്‍ നിര്‍മാതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍, ഈ ബൈക്കിന്റെ പേര് സംബന്ധിച്ച സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ബജാജ് അടുത്തിടെ പകര്‍പ്പ് അവകാശം സ്വന്തമാക്കിയ പേരുകളായ ഫൈറ്റര്‍, ബ്രൂസര്‍ എന്നീ രണ്ടുപേരുകളില്‍ ഒന്ന് സി.എന്‍.ജി. ബൈക്കിന് നല്‍കുമെന്നാണ് സൂചനകള്‍. സി.എന്‍.ജി. ബൈക്കിന് പിന്നാലെ ഒരു അഡ്വഞ്ചര്‍ ബൈക്കും ബജാജിന്റെ മോട്ടോര്‍സൈക്കിള്‍ നിരയില്‍ ഒരുങ്ങുന്നുണ്ട്. ഒരു പേര് ആ മോഡലിനായിരിക്കുമെന്നാണ് വിലയിരുത്തല്‍. വരും വര്‍ഷങ്ങളില്‍ ഒന്നിനുപുറകെ ഒന്നായി ആറ് സി.എന്‍.ജി. ബൈക്കുകള്‍ ബജാജ് നിരത്തുകളില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സി.എന്‍.ജി. ബൈക്ക് നിര്‍മാണ ഘട്ടത്തിലാണ്. ഇതിനോടനുബന്ധിച്ചുള്ള പരീക്ഷണയോട്ടങ്ങളും പുരോഗമിക്കുന്നുണ്ട്. ബജാജിന്റെ 110-125 സി.സി. ബൈക്ക് ശ്രേണിയിലേക്കായിരിക്കും ആദ്യ സി.എന്‍.ജി. ബൈക്ക് എത്തുന്നത്. സി.എന്‍.ജി. സിലണ്ടറിനൊപ്പം അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി ചെറിയ പെട്രോള്‍ ടാങ്കും ഈ ബൈക്കില്‍ നല്‍കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ ബൈക്കിന്റെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവന്നത്.

ഡബ്ബിള്‍ ക്രാഡില്‍ ഫ്രെയിമിലാണ് ഈ ബൈക്ക് നിര്‍മിക്കുന്നത്. സീറ്റിന് താഴെയായി സി.എന്‍.ജി.സിലണ്ടര്‍ നല്‍കുന്നതിനായി പെട്രോള്‍ ടാങ്കിന്റെ ഉള്‍പ്പെടെ ഡിസൈനില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പിന്നിലെ സ്വിങ് ആമിന് സമാന്തരമായാണ് സി.എന്‍.ജി. സിലണ്ടര്‍ നല്‍കിയിരിക്കുന്നതെന്നാണ് ഡിസൈന്‍ സ്‌കെച്ചില്‍ നല്‍കിയിരുന്ന സൂചന. സി.എന്‍.ജി. ടാങ്ക് താങ്ങിനിര്‍ത്തുന്നതിനായി ഒരു സബ് ഫ്രെയിം നല്‍കിയിട്ടുള്ളതും ഡിസൈനില്‍ കാണം.

മലിനീകരണം കുറഞ്ഞ സി.എന്‍.ജി.യില്‍ ഓടുന്ന (സമ്മര്‍ദിത പ്രകൃതിവാതകം) ബൈക്കില്‍ ഇന്ധനച്ചെലവ് പകുതിയായി കുറയ്ക്കാനാകുമെന്നാണ് ബജാജ് അഭിപ്രായപ്പെട്ടത്. അതേസമയം, വാഹനത്തിന്റെ ഉത്പാദനച്ചെലവ് പെട്രോള്‍ ബൈക്കിനെക്കാള്‍ കൂടുതലാണെന്നും അറിയിച്ചിരുന്നു. 110 സി.സി. മോഡലിനെ അടിസ്ഥാനമാക്കിയാണ് സി.എന്‍.ജി. ബൈക്ക് ഒരുങ്ങുന്നത്. സി.എന്‍.ജിക്ക് പുറമെ, എല്‍.പി.ജി, എഥനോള്‍ ചേര്‍ന്ന ഇന്ധനങ്ങള്‍ എന്നിവയിലും ഇരുചക്രവാഹനങ്ങള്‍ കമ്പനിയുടെ പരിഗണനയിലുണ്ട്.

ബ്രൂസര്‍ ഓഫ് ഇ101 എന്ന കോഡ്നെയിമിലാണ് ഈ സി.എന്‍.ജി. മോട്ടോര്‍സൈക്കിള്‍ നിര്‍മിക്കുന്നതെന്ന് വിവരങ്ങളുണ്ടായിരുന്നു. 110 സി.സി. സെഗ്മെന്റില്‍ വരുന്ന സി.എന്‍.ജി. ബൈക്കുകളുടെ പ്രോട്ടോടൈപ്പുകള്‍ ഇതിനോടകം തന്നെ ബജാജ് നിര്‍മിച്ചിട്ടുണ്ട്. സി.എന്‍.ജി. കരുത്തില്‍ എത്തുന്ന വാഹനം ഏതാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിട്ടില്ലെങ്കിലും സി.ടി. സീരീസിലെ മോഡലായിരിക്കുമെന്നാണ് വിലയിരുത്തല്‍.