പ്രതികളായ നൗഫൽ അബൂബക്കറും വിഷ്ണുവും

വണ്ടൂര്‍ : തിരിച്ചറിയാതിരിക്കാന്‍ വിതരണശൃംഖലയ്ക്ക് സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന്റെ പേരു നല്‍കി ലഹരിമരുന്ന് വില്‍പ്പന ഒരുക്കിയ സംഘത്തിന് വണ്ടൂര്‍ എക്‌സൈസ് പൂട്ടിട്ടു. ഓണ്‍ലൈന്‍ പര്‍ച്ചേസ് പ്ലാറ്റ്‌ഫോം മാതൃകയില്‍ ലഹരിമരുന്ന് വില്‍പ്പന ഒരുക്കിയ സംഘത്തിലെ രണ്ടു പേരെയാണ് പിടികൂടിയത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു.

വണ്ടൂര്‍ഭാഗത്ത് ഓര്‍ഡര്‍പ്രകാരം കഞ്ചാവ് വിതരണത്തിനെത്തിയ ഗൂഡല്ലൂര്‍ നെല്‍കോട്ട സ്വദേശി നൂര്‍മഹല്‍ വീട്ടില്‍ നൗഫല്‍ അബൂബക്കര്‍ (35), സംഘത്തിലെ റോളക്‌സ് എന്ന വാട്‌സാപ്പ് കൈകാര്യംചെയ്യുന്ന എടക്കര സ്വദേശി പുതുവായ് വീട്ടില്‍ വിഷ്ണു (25) എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് എത്തിക്കുകയും പണമിടപാടു നടത്തുകയും ചെയ്തിരുന്ന തൊടുപുഴ സ്വദേശി രാഹുലാണ് (സനീഷ്) രക്ഷപ്പെട്ടത്. ഇവര്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍, മൊബൈല്‍ഫോണുകള്‍, ബാങ്ക് അക്കൗണ്ട് പാസ്ബുക്കുകള്‍ എന്നിവയും തിരൂരിലെ കേന്ദ്രത്തില്‍നിന്ന് അഞ്ചുകിലോഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. നൗഫല്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസറും ഉത്തരമേഖല കമ്മിഷണര്‍ സ്‌ക്വാഡ് അംഗവുമായ കെ.എസ്. അരുണ്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വി. വിപിന്‍, മുഹമ്മദ് അഫ്‌സല്‍, ഡ്രൈവര്‍ സവാദ് നാലകത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ഈ അടുത്തിറങ്ങിയ വിക്രം സിനിമയിലെ വില്ലന്‍ കഥാപാത്രമാണ് റോളക്‌സ്. മയക്കുമരുന്ന് എത്തിക്കുന്ന സംഘം ഈ കഥാപാത്രത്തിന്റെ പേരിലാണ് അറിയപ്പെട്ടത്. ഈ പേരിലുള്ള വാട്‌സാപ്പ് നമ്പറില്‍ മെസ്സേജ് വഴി ലഹരിമരുന്ന് ആവശ്യപ്പെടുമ്പോള്‍ ഉടന്‍ ലഭിക്കുന്ന സംവിധാനവുമായി ട്രഷര്‍ ഹണ്ട് മാതൃകയില്‍ മയക്കുമരുന്ന് വില്‍പ്പനക്കിറങ്ങിയ സംഘമാണിവര്‍. ഉപഭോക്താക്കള്‍ ക്യൂ.ആര്‍ കോഡിലുള്ള പണം അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് അയച്ചു നല്‍കുമ്പോള്‍ കാത്തുനില്‍ക്കേണ്ട സ്ഥലവും സമയവും അറിയിക്കുന്നു.

അതിഥിത്തൊഴിലാളികളുടെയും മറ്റും പേരിലുള്ള മൊബൈല്‍നമ്പറുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ഇത്തരത്തിലുള്ള ഇടപാടുകള്‍ നടത്തുന്നത്. കാളികാവ്, കരുവാരക്കുണ്ട്, പാണ്ടിക്കാട്, നിലമ്പൂര്‍, വണ്ടൂര്‍ മേഖലകളില്‍ വ്യാപകമായി ന്യൂജന്‍ ഉപഭോക്താക്കള്‍ക്ക് സംഘം മയക്കുമരുന്ന് വില്‍പ്പന നടത്തിവരുകയായിരുന്നുവെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു.

നൗഫല്‍ അബൂബക്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതില്‍ നിന്ന് തിരൂര്‍ തലക്കാട് പുല്ലൂരിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് കഞ്ചാവു സൂക്ഷിച്ചതെന്ന് വിവരം ലഭിച്ചു. മറ്റു സംഘാംഗങ്ങള്‍ അവിടെ ഇരുന്നാണ് വില്പനയ്ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നും മനസ്സിലാക്കി. കാളികാവ് റേഞ്ച് എക്‌സൈസ് സംഘം പുലര്‍ച്ചെ തിരൂരിലെ വാടക ക്വാര്‍ട്ടേഴ്‌സിലെത്തിയാണ് വിഷ്ണുവിനെ അറസ്റ്റു ചെയ്തത്. ഇവിടെനിന്നാണ് അഞ്ചു കിലോ ഗ്രാം കഞ്ചാവു കണ്ടെടുത്തത്.