അഞ്ജലിയെ തള്ളിമാറ്റുന്ന ബാലകൃഷ്ണ | ഫോട്ടോ: സ്ക്രീൻഗ്രാബ്
പൊതുചടങ്ങുകളിലും പൊതുവിടങ്ങളിലും രൂക്ഷമായ പെരുമാറ്റംകൊണ്ട് എന്നും വിവാദങ്ങളിൽ അകപ്പെടുന്ന നടനാണ് തെലുങ്ക് സൂപ്പർ താരമായ നന്ദമൂരി ബാലകൃഷ്ണ. ബാലകൃഷ്ണയുടെ മോശം പെരുമാറ്റം നിറഞ്ഞ പുതിയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണിപ്പോൾ. ഗ്യാങ്സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കെത്തിയപ്പോഴായിരുന്നു സംഭവം.
കഴിഞ്ഞദിവസമാണ് തെലുങ്ക് യുവതാരവും സംവിധായകനുമായ വിശ്വക് സെൻ നായകനായെത്തുന്ന ഗ്യാങ്സ് ഓഫ് ഗോദാവരി എന്ന ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങ് നടന്നത്. ഈ പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു ബാലകൃഷ്ണ. ചടങ്ങ് പുരോഗമിക്കുമ്പോൾ സിനിമയിലെ നായികയായ അഞ്ജലിയെ വേദിയിൽനിന്ന് എല്ലാവരുടേയും മുന്നിൽവെച്ച് ബാലകൃഷ്ണ തള്ളിമാറ്റുകയായിരുന്നു.
വേദിയിൽ അണിയറ പ്രവർത്തകർക്കൊപ്പം ഫോട്ടോ എടുക്കുമ്പോളായിരുന്നു സംഭവം. രോഷാകുലനായി മാറി നിൽക്കെന്ന് ആവശ്യപ്പെട്ടാണ് നടി അഞ്ജലിയെ സൂപ്പർതാരം തള്ളിമാറ്റിയത്. പെട്ടന്നുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ട് അഞ്ജലിയും കൂടെ നിന്നിരുന്ന നേഹ ഷെട്ടി എന്ന നടിയും ഞെട്ടിപ്പോയി. പൊതുവേദിയായതുകൊണ്ടും സ്വന്തം സിനിമയുടെ പ്രമോഷനായതിനാലും അഞ്ജലി സംയമനം പാലിക്കുകയായിരുന്നുവെന്നാണ് പുറത്തുവന്ന വീഡിയോകൾ വ്യക്തമാക്കുന്നത്.
മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ടുളള തന്റെ വാക്കുകൾ കേള്‍ക്കാത്തതിലുള്ള ദേഷ്യം കൊണ്ടാണ് ബാലകൃഷ്ണ അഞ്ജലിയെ ദേഷ്യത്താൽ തള്ളി മാറ്റിയതെന്നാണ് റിപ്പോർട്ട്. അതേസമയം ബാലകൃഷ്ണ മദ്യപിച്ചാണ് വേദിയിൽ എത്തിയതെന്നും വിമർശനമുണ്ട്.
അഞ്ജലിയോടുള്ള ബാലകൃഷ്ണയുടെ പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.സ്ത്രീകളോടുള്ള അനാദരവ് കണ്ടില്ലെന്ന് നടിക്കരുതെന്നാണ് ഏവരും ഒരേ സ്വരത്തിൽ പറയുന്നത്. വേദിയിലുണ്ടായിരുന്ന നായകൻ വിശ്വക് സെൻ ഉൾപ്പെടെ ഒരാൾപോലും ഇതിനെതിരെ പ്രതികരിച്ചില്ലെന്നും സോഷ്യൽ മീഡിയയിലുയർന്ന വിമർശനത്തിലുണ്ട്.
