Photo | twitter.com/Goat_Kohli_

ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് തീവ്രവാദ ഭീഷണിയുള്ളതിനാല്‍ സുരക്ഷാ സംവിധാനം ശക്തമാക്കിയെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍. നിയമപാലകര്‍ക്കൊപ്പം ചേര്‍ന്ന് മത്സരത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നുണ്ടെന്നും ഗവര്‍ണര്‍ കാത്തി ഹോച്ചുല്‍ അറിയിച്ചു. ജൂണ്‍ ഒന്‍പതിന് ന്യൂയോര്‍ക്കിലെ ഐസനോവര്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടുമണിക്കാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം.

എ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ഐസിസ് തീവ്രവാദ ഭീഷണിയുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുല്‍ ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തുകയും സുരക്ഷാസംവിധാനം കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. ന്യൂയോര്‍ക്ക് പോലീസിനാണ് സുരക്ഷാ ചുമതല.

ജൂണ്‍ ഒന്നുമുതല്‍ 29 വരെ യു.എസ്.എ.യിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് മത്സരങ്ങള്‍. ജൂണ്‍ നാലിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതിന് മുന്‍പ് ബംഗ്ലാദേശിനെതിരേ സന്നാഹമത്സരമുണ്ട്. അതേസമയം, വിരാട് കോലി ഒഴികെ സ്‌ക്വാഡില്‍ ഉള്‍പ്പെട്ട എല്ലാ താരങ്ങളും യു.എസിലെത്തി പരിശീലനം ആരംഭിച്ചു. കോലി ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ കളിക്കുമോ എന്നതില്‍ ഉറപ്പില്ല.