അപകടത്തിൽ പെട്ട ബസ്‌ | X.com

ശ്രീനഗര്‍: ജമ്മു പൂഞ്ച് ഹൈവേയില്‍ അക്‌നൂര്‍ പ്രദേശത്ത് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍നിന്ന്‌ വരികയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ അക്‌നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമ്പത് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവരില്‍ ഏറെയും യു.പി, രാജസ്ഥാന്‍, ഹരിയാണ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരായിരുന്നു.

യാത്രയ്ക്കിടെ ബസ് റോഡില്‍നിന്നും തെന്നിമാറുകയും കൊക്കയിലേക്ക് പതിക്കുകയുമായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. പ്രദേശവാസികളാണ് ആദ്യം അപകടം കണ്ടത്. തുടര്‍ന്ന് ഇവര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

അടിയന്തര ആരോഗ്യസംഘത്തെ സ്ഥലത്തേക്ക് അയച്ചതായും ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്‌.