അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ

പെരിന്തല്‍മണ്ണ: കെട്ടിട ഉടമസ്ഥാവകാശം മാറ്റിനല്‍കുന്നതിന് പണം ആവശ്യപ്പെട്ട നഗരസഭാ റവന്യൂ ഇന്‍സ്പെക്ടറെ വിജിലന്‍സ് സംഘം അറസ്റ്റുചെയ്തു. പെരിന്തല്‍മണ്ണ നഗരസഭയിലെ റവന്യൂ ഇന്‍സ്പെക്ടര്‍ വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി മൈലാഞ്ചിപ്പറമ്പില്‍ ഉണ്ണിക്കൃഷ്ണനെ(50)യാണ് മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തില്‍ അസ്റ്റുചെയ്തത്.

പരാതിക്കാരനായ പെരിന്തല്‍മണ്ണയിലെ വെറ്ററിനറി ഡോക്ടര്‍ ഉസ്മാന്‍ നല്‍കിയ രണ്ടായിരം രൂപ ഇയാളില്‍നിന്ന് കണ്ടെടുത്തതായി ഡിവൈ.എസ്.പി. പറഞ്ഞു. പരാതിക്കാരന്റെ മകളുടെ പേരില്‍ മുട്ടുങ്ങലില്‍ വാങ്ങിയ സ്ഥലത്തെ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു. പലതവണ ഓഫീസിലെത്തിയെങ്കിലും തിരക്കാണെന്നു പറഞ്ഞ് മടക്കി.

കഴിഞ്ഞദിവസം ഓഫീസില്‍ ചെന്നപ്പോള്‍ സ്ഥലപരിശോധനയ്ക്കായി ബുധനാഴ്ച വരാമെന്നും രണ്ടായിരം രൂപ നല്‍കണമെന്നും പറഞ്ഞതോടെ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ഡോക്ടറുടെ കാറില്‍ സ്ഥലം കാണാന്‍ പോയി തിരികെയെത്തിയപ്പോഴാണ് പിന്തുടര്‍ന്നിരുന്ന വിജിലന്‍സ് സംഘം പിടികൂടിയത്.

നേരത്തേ ഡോക്ടര്‍ നല്‍കിയ കറന്‍സികളില്‍ വിജിലന്‍സ് ഫിനോഫ്തലിന്‍ പുരട്ടിയിരുന്നു. ഈ പണമാണ് കൈമാറിയിരുന്നത്. കാറില്‍നിന്നിറങ്ങിയപ്പോള്‍ പണം കണ്ടെടുക്കുകയും രാസലായനിയില്‍ കൈകള്‍ മുക്കിയപ്പോള്‍ നിറംമാറുകയും ചെയ്തതോടെ അറസ്റ്റുചെയ്തു.

വിജിലന്‍സ് ഇന്‍സ്പെക്ടര്‍ ആര്‍. ഗിരീഷ്‌കുമാര്‍, എസ്.ഐ.മാരായ ശ്രീനിവാസന്‍, സജി, പി.എന്‍. മോഹനകൃഷ്ണന്‍, മധുസൂദനന്‍, സി.പി.ഒ.മാരായ സുബിന്‍, വിജയകുമാര്‍, അഭിജിത്ത്, രാജീവ്, സന്തോഷ്, രത്നകുമാരി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് ഡിവൈ.എസ്.പി. അറിയിച്ചു. പരാതിക്കാരന്‍ നല്‍കിയ രണ്ടായിരം രൂപ ഇയാളില്‍നിന്ന് കണ്ടെടുത്തു.