അറസ്റ്റിലായ യൂട്യൂബ് ചാനൽ പ്രവർത്തകർ | Screengrab Courtesy: Youtube.com/News18 Tamilnadu
ബിസ്‌കറ്റില്‍ വിഷംചേര്‍ത്ത് കഴിച്ച് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ചികിത്സയില്‍ക്കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴിപ്രകാരമാണ് പോലീസ് കേസെടുത്തത്.
ചെന്നൈ: ദ്വയാര്‍ഥപ്രയോഗങ്ങളുള്ള അഭിമുഖം പുറത്തുവിട്ടതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യക്കു ശ്രമിച്ച കേസില്‍ യുട്യൂബ് ചാനല്‍ ഉടമയെയും അവതാരകയെയും ക്യാമറാമാനെയും ചെന്നൈ പോലീസ് അറസ്റ്റുചെയ്തു. ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി കില്‍പ്പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അശ്ലീലച്ചുവയുള്ള ചോദ്യോത്തരങ്ങള്‍കൊണ്ടു ശ്രദ്ധേയരായ വീര ടോക്സ് ഡബ്ള്‍ എക്‌സ് എന്ന യുട്യൂബ് ചാനല്‍ പ്രവര്‍ത്തകരായ എസ്. യോഗരാജ് (21), എസ്. റാം (21) എന്നിവരും അവതാരകയായ ആര്‍. ശ്വേതയുമാണ് (23) അറസ്റ്റിലായത്. ഏഴുമാസംമുമ്പ് തിരുമംഗലത്തെ ഒരു മാളില്‍ പോയപ്പോഴാണ് ഇവര്‍ യുവതിയുടെ വീഡിയോ ചിത്രീകരിച്ചത്.
ഇത്തരം അഭിമുഖത്തിന് താത്പര്യമില്ലെന്ന് അറിയിച്ചിരുന്നെങ്കിലും തമാശയാണെന്നും വീഡിയോ പുറത്തുവിടില്ലെന്നുമുള്ള ഉറപ്പില്‍ ചിത്രീകരിക്കുകയായിരുന്നു.
തന്റെ അനുമതിയില്ലാതെ വീഡിയോ യുട്യൂബില്‍ പുറത്തുവിട്ടെന്നും അതു കണ്ടവര്‍ മോശം അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നെന്നും പിന്നീടാണ് മനസ്സിലായത്. അതിനുശേഷം അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വന്നു. അതോടെ ചീത്തവിളി വര്‍ധിച്ചു.
ഇതേത്തുടര്‍ന്ന് ബിസ്‌കറ്റില്‍ വിഷംചേര്‍ത്ത് കഴിച്ച് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ചികിത്സയില്‍ക്കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴിപ്രകാരമാണ് പോലീസ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
