പ്രതീകാത്മക ചിത്രം

പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി(ഒന്ന്) ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷവും ഒന്‍പതുമാസവും കൂടി അധികതടവ് അനുഭവിക്കണം

പെരിന്തല്‍മണ്ണ: പതിനാലുകാരിയായ മകളെ മൂന്നുവര്‍ഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പിതാവിന് ഇരട്ട ജീവപര്യന്തവും 38 വര്‍ഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി(ഒന്ന്) ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷവും ഒന്‍പതുമാസവും കൂടി അധികതടവ് അനുഭവിക്കണം. 42-കാരനായ പിതാവ് 2020 മുതല്‍ മൂന്നുവര്‍ഷത്തോളം പലതവണ കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്.

ജീവപര്യന്തം തടവിന് മുന്‍പേ പ്രതി മറ്റ് തടവുശിക്ഷകള്‍ അനുഭവിക്കണം. ജീവപര്യന്തം തടവ് എന്നാല്‍ പ്രതിയുടെ ജീവിതാവസാനം വരെയെന്നാണ്. പ്രതി പിഴ അടച്ചാല്‍ ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണം. കൂടാതെ ഇരയ്ക്കുള്ള നഷ്ടപരിഹാര പദ്ധതി പ്രകാരം മതിയായ നഷ്ടപരിഹാരം അനുവദിക്കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു.

കാളികാവ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ശശിധരന്‍പിള്ള, എസ്.ഐ. ടി.പി. മുസ്തഫ, എ.എസ്.ഐ. ചിത്രലേഖ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി. പരമേശ്വരത്ത് ഹാജരായി.