Photo: PTI
ന്യൂഡല്‍ഹി: 2018 മുതല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് റിങ്കു സിങ്. ഫിനിഷറെന്ന റോളില്‍ താരത്തിന് ഇന്ത്യന്‍ ടീമില്‍ ഇടംലഭിച്ചതും ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കായി പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനം കാരണമാണ്. കഴിഞ്ഞ സീസണുകളില്‍ പല മത്സരങ്ങളിലും റിങ്കു സിങ്ങിന്റെ ബാറ്റിങ് വെടിക്കെട്ട് കൊല്‍ക്കത്തയ്ക്ക് ജയം സമ്മാനിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോഴും താരത്തിന് ലഭിക്കുന്ന പ്രതിഫലം സമകാലികരായ മറ്റ് താരങ്ങളേക്കാള്‍ കുറവാണ്. ഇക്കാര്യത്തേക്കുറിച്ച് ഒരു മാധ്യമം ചോദിച്ച ചോദ്യത്തിന് റിങ്കു നല്‍കിയ മറുപടി ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
മിച്ചല്‍ സ്റ്റാര്‍ക്കിന് 24.75 കോടി പ്രതിഫലം ലഭിക്കുമ്പോള്‍ താങ്കള്‍ക്ക് 55 ലക്ഷം മാത്രമല്ലേ ലഭിക്കുന്നുള്ളൂ എന്നായിരുന്നു ദൈനിക് ജാഗരണിന് നല്‍കിയ അഭിമുഖത്തിനിടെ റിങ്കുവിന് മുന്നിലെത്തിയ ചോദ്യം. താരലേലത്തിലെത്തിയാല്‍ ചുരുങ്ങിയത് 10 കോടിയെങ്കിലും താരത്തിന് ലഭിക്കുമെന്ന വിലയിരുത്തലുമുണ്ടായി. എന്നാല്‍, ഇതിന് അദ്ദേഹത്തിന്റെ മറുപടി എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു.
”എന്നെ സംബന്ധിച്ച് 50-55 ലക്ഷം പോലും ധാരാളമാണ്. തുടങ്ങുമ്പോള്‍ ഇത്രയും സമ്പാദിക്കാനാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. കുട്ടിയായിരുന്ന സമയത്ത് 5-10 രൂപയൊക്കെ കിട്ടുമായിരുന്നു. അതുതന്നെ എങ്ങനെ കൂട്ടുമെന്ന് ചിന്തിച്ചിരുന്നയാളായിരുന്നു ഞാന്‍. ഇപ്പോള്‍ എനിക്ക് 55 ലക്ഷം രൂപ ലഭിക്കുന്നുണ്ട്. അതുതന്നെ ധാരാളം. ദൈവം എന്തു തന്നാലും എനിക്ക് സന്തോഷമാണ്. ഇത്ര പണം കിട്ടും, അത്ര പണം കിട്ടും എന്നൊന്നും ഞാന്‍ ചിന്തിക്കുന്നില്ല. 55 ലക്ഷംകൊണ്ടു തന്നെ ഞാന്‍ സന്തോഷവാനാണ്. ഇതൊന്നും ഇല്ലാതിരുന്നപ്പോള്‍ പണത്തിന്റെ മൂല്യം തിരിച്ചറിഞ്ഞവനാണ് ഞാന്‍”, റിങ്കു പറഞ്ഞു.
2018-ല്‍ 80 ലക്ഷം രൂപയ്ക്കാണ് കൊല്‍ക്കത്ത ആദ്യമായി റിങ്കുവിനെ ടീമിലെടുക്കുന്നത്. പിന്നീട് 2022-ന് മുമ്പത്തെ താരലേലത്തില്‍ റിങ്കുവിനെ റിലീസ് ചെയ്ത കൊല്‍ക്കത്ത പിന്നീട് 55 ലക്ഷത്തിനാണ് താരത്തെ വീണ്ടും ലേലത്തില്‍ സ്വന്തമാക്കിയത്.
