പ്രതീകാത്മക ചിത്രം

ആക്രമണം നടത്തിയ ദിനേശ് എട്ടുദിവസം മുമ്പാണ് വിവാഹിതനായത്. ഒരുവര്‍ഷം മുമ്പ് ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നു.

ഭോപ്പാല്‍: കുടുംബാംഗങ്ങളായ എട്ടുപേരെ വെട്ടിക്കൊന്നശേഷം യുവാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലെ ബോഡല്‍ കച്ചാര്‍ ഗ്രാമത്തിലാണ് അതിദാരുണമായ കൂട്ടക്കൊല നടന്നത്. ബോഡല്‍ കച്ചാര്‍ സ്വദേശിയായ ദിനേശ്(27) ആണ് ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

ഭാര്യ വര്‍ഷ ബായി, അമ്മ സിയ ബായി, സഹോദരന്‍ ശ്രാവണ്‍, ശ്രാവണിന്റെ ഭാര്യ ബരാതോ ബായി, ശ്രാവണിന്റെയും സഹോദരിയുടെയും മൂന്നുമക്കള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ എല്ലാവരും ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പ്രതി ആക്രമണം നടത്തിയത്.

എട്ടുപേരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയശേഷം കൂട്ടുകുടുംബത്തിലെ കൂടുതല്‍പേരെ ആക്രമിക്കാനായിരുന്നു പ്രതി ലക്ഷ്യമിട്ടത്. ഇതിനിടെ വീട്ടിലെ മറ്റൊരു സ്ത്രീ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനായി എഴുന്നേറ്റിരുന്നു. കോടാലിയുമായി നില്‍ക്കുന്ന ദിനേശില്‍നിന്ന് ആയുധം പിടിച്ചുവാങ്ങാന്‍ ഇവര്‍ ശ്രമിച്ചു. മറ്റുബന്ധുക്കളും ഓടിയെത്തി. തുടര്‍ന്ന് ഇവരെ ആക്രമിച്ചശേഷം പ്രതി വീട്ടില്‍നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനുപിന്നാലെയാണ് വീടിന് സമീപത്തെ മരത്തില്‍ ദിനേശിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ആക്രമണം നടത്തിയ ദിനേശ് എട്ടുദിവസം മുമ്പാണ് വിവാഹിതനായത്. ഒരുവര്‍ഷം മുമ്പ് ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് സാധാരണജീവിതത്തിലേക്ക് തിരികെവന്നതാണെന്നും എന്നാല്‍ വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മാനസികപ്രശ്‌നങ്ങള്‍ ആരംഭിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.