Photo: x.com/Cristiano/

റിയാദ്: 39-ാം വയസില്‍ സൗദി പ്രോ ലീഗിലെ ഗോളടി റെക്കോഡ് സ്വന്തം പേരിലാക്കി അല്‍ നസ്ര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം അല്‍ ഇത്തിഹാദിനെതിരായ മത്സരത്തിലെ ഇരട്ട ഗോളുകളോടെയാണ് റോണോ റെക്കോഡ് ബുക്കില്‍ പേരെഴുതി ചേര്‍ത്തത്. സീസണില്‍ 31 മത്സരങ്ങളില്‍ നിന്നായി താരത്തിന്റെ അക്കൗണ്ടില്‍ 35 ഗോളുകളായി. 2019 സീസണില്‍ അല്‍ നസ്ര്‍ കളിക്കാരനായിരുന്ന അബ്ദുറസാഖ് ഹംദല്ല നേടിയ 34 ഗോളുകളുടെ റെക്കോഡാണ് റൊണാള്‍ഡോ മറികടന്നത്.

ഇത്തിഹാദിനെതിരായ മത്സരത്തില്‍ രണ്ടിനെതിരേ നാല് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം. ആദ്യ പകുതിയുടെ അധിക സമയത്തും 69-ാം മിനിറ്റിലുമായിരുന്നു റൊണാള്‍ഡോ സ്‌കോര്‍ ചെയ്തത്. ഇതോടൊപ്പം നാല് വ്യത്യസ്ത ലീഗുകളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമെന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കി. കരിയറില്‍ റയല്‍ മാഡ്രിഡില്‍ കളിക്കുമ്പോള്‍ മൂന്ന് തവണ സ്പാനിഷ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു.

ചരിത്ര നേട്ടത്തിനു പിന്നാലെ ‘ഞാന്‍ റെക്കോഡുകളെ പിന്തുടരാറില്ല, റെക്കോര്‍ഡുകള്‍ എന്നെയാണ് പിന്തുടരുന്നത്’ എന്ന റൊണാള്‍ഡോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റും വൈറലായി.