യൂട്യൂബ് സെർച്ച് ഹിസ്റ്ററിയുടെ സ്‌ക്രീൻ ഷോട്ട് | Photo: x.com

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ലൈവ് സ്ട്രീമിങ്ങിനിടെ അബദ്ധത്തില്‍ യൂട്യൂബ് സെര്‍ച്ച് ഹിസ്റ്ററി പരസ്യമായതോടെ വെട്ടിലായി രാജസ്ഥാന്‍ റോയല്‍സ് താരം. റിയാന്‍ പരാഗ്. ഓണ്‍ലൈന്‍ ഗെയിമര്‍ കൂടിയായ പരാഗ് കഴിഞ്ഞ ദിവസം നടത്തിയ ഒരു ലൈവ് സ്ട്രീമിങ്ങിനിടെയായിരുന്നു അബദ്ധംപിണഞ്ഞത്.

സെര്‍ച്ച് ഹിസ്റ്ററിയില്‍ ബോളിവുഡ് നടിമാരായ അനന്യ പാണ്ഡെ, സാറാ അലി ഖാന്‍ എന്നിവരുടെ ഹോട്ട് വീഡിയോകള്‍ തിരഞ്ഞത് പരസ്യമായി. നിമിഷനേരം കൊണ്ട് ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.

ഐപിഎല്ലിന് ശേഷം ഓണ്‍ലൈന്‍ ഗെയിമിങ്ങിലേക്ക് തിരികെയെത്തിയതായിരുന്നു പരാഗ്. ഇത്തരത്തില്‍ ഒരു ലൈവ് സ്ട്രീമിങ്ങിനിടെ അതില്‍ പ്ലേ ചെയ്യുന്നതിനായി പകര്‍പ്പവകാശ രഹിത മ്യൂസിക്കിനായാണ് പരാഗ് യൂട്യൂബ് തിരഞ്ഞത്. എന്നാല്‍, സ്‌ക്രീന്‍ മറയ്ക്കാന്‍ താരം മറന്നു. ഇതോടെയാണ് യൂട്യൂബ് സെര്‍ച്ച് ഹിസ്റ്ററി ഓണ്‍ലൈനില്‍ പരസ്യമായത്. പരാഗിന്റെ യൂട്യൂബ് ചാനല്‍ 65,000 പേര്‍ പിന്തുടരുന്നുണ്ട്.

സംഭവത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പരസ്യമായതോടെ താരത്തിനെതിരേ വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍, താരത്തെ പിന്തുണച്ചും ഒരു വിഭാഗം രംഗത്തുണ്ട്. ഒരു 22 വയസുകാരന്റെ ഇത്തരം പ്രവൃത്തികള്‍ സ്വാഭാവികമാണെന്നാണ് ഇക്കൂട്ടരുടെ വാദം. സ്ട്രീമിങ് സ്‌ക്രീന്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനു മുമ്പ് ഇനിയെങ്കിലും ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായും ചിലര്‍ രംഗത്തുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ താരം ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.