ചങ്ങനാശ്ശേരി പോലീസ് അറസ്റ്റു ചെയ്ത പ്രതികൾ

ചങ്ങനാശ്ശേരി: മാതാപിതാക്കളോടൊപ്പം നടന്നുപോകുന്നതിനിടെ പെൺകുട്ടിയെ കടന്നു പിടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കോട്ടയം സ്വദേശികളായ അരുൺ ദാസ് (25), ബിലാൽ മജീദ് (24), അഫ്സൽ സിയാദ് (22) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 8.45-നായിരുന്നു കേസിനാസ്പദമായ സംഭവം.

ചങ്ങനാശ്ശേരി മുൻസിപ്പൽ ആർക്കേടിന് മുൻവശം റോഡിൽവെച്ച് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് മാതാപിതാക്കൾക്കൊപ്പം നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ അരുൺ ദാസ് കടന്നുപിടിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്ത മാതാപിതാക്കൾക്കുനേരെ കൂട്ടാളി ബിലാൽ പെപ്പർ സ്പ്രേ അടിക്കുകയും ചെയ്തു. തുടർന്ന്, ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർക്കുനേരെ അഫ്സൽ സിയാദെന്നയാൾ പെപ്പർ സ്പ്രേ പ്രയോഗിച്ചു.

പരാതിയേത്തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. അരുൺ ദാസിനെ ചിങ്ങവനം പോലീസ് സ്റ്റേഷനിലും ബിലാലിന് ചങ്ങനാശ്ശേരി, തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിലും അഫ്സലിന് തൃക്കൊടിത്താനം സ്റ്റേഷനിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഒ ബി.വിനോദ് കുമാര്‍, എസ്.ഐമാരായ ജയകൃഷ്ണൻ എം, അജി. പി.എം, അനിൽകുമാർ.എം.കെ, നൗഷാദ്.കെ.എന്‍. സി.പി.ഒമാരായ കുഞ്ചെറിയ, ചാക്കോ, അനിൽകുമാർ, ഡെന്നി ചെറിയാൻ, അനിൽ രാജ്, തോമസ് സ്റ്റാൻലി, അതുൽ മുരളി, കൃഷ്ണകുമാർ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.