പ്രതീകാത്മക ചിത്രം

സ്വര്‍ണം, വസ്തുകൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ തമ്മില്‍ നേരത്തേതന്നെ തര്‍ക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു.

കല്‍പറ്റ (വയനാട്): കുടുംബവഴക്കിനെത്തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ യുവാവിന് പരിക്കേറ്റു. പെരുന്തട്ട താമരക്കൊല്ലി വീട്ടില്‍ എ.സി. സുരേഷി(38)നാണ് കുത്തേറ്റത്. കുടുംബവഴക്കാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. വല്യച്ഛന്റെ മകന്‍ വിഷ്ണു(30)വും കൂടെയുണ്ടായിരുന്ന രണ്ടുപേരും ചേര്‍ന്നാണ് സുരേഷിനെ ആക്രമിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. സ്വര്‍ണം, വസ്തുകൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ തമ്മില്‍ നേരത്തേതന്നെ തര്‍ക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയും കുടുംബാംഗങ്ങള്‍ തമ്മില്‍ വാക്തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തിങ്കളാഴ്ചത്തെ ആക്രമണം.

കോയമ്പത്തൂരിലായിരുന്ന വിഷ്ണു, കുടുംബാംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായതറിഞ്ഞാണ് നാട്ടിലെത്തിയത്. കോയമ്പത്തൂരില്‍നിന്നുള്ള രണ്ടുപേരും വിഷ്ണുവിനൊപ്പമുണ്ടായിരുന്നു. മൂന്നുപേരും ചേര്‍ന്ന് ആദ്യം ബിയറിന്റെ കുപ്പികൊണ്ട് സുരേഷിന്റെ തലയ്ക്കും മുഖത്തും അടിച്ചു. അവശനായ സുരേഷിനെ വീടിനുപുറത്തേക്ക് വലിച്ചിറക്കിയശേഷം കൊല്ലുമെന്ന് ഭീഷണിപ്പടുത്തി കത്തികൊണ്ട് കഴുത്തിനുപിന്നില്‍ കുത്തുകയും ചെയ്തു.

മറ്റ് കുടുംബാംഗങ്ങള്‍ ചേര്‍ന്നാണ് സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. സുരേഷ് നിലവില്‍ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിഷ്ണുവിന്റെ പേരില്‍ കല്‍പറ്റ സ്റ്റേഷനിലടക്കം നേരത്തേ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം വിഷ്ണുവും കൂട്ടാളികളും ഒളിവില്‍പ്പോയി. കല്‍പറ്റ പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.