നിഷമോൾ, കൊലപാതകം നടന്ന വാടക ക്വാർട്ടേഴ്സിൽ പോലീസ് എത്തിയപ്പോൾ

മമ്പാട്: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ വെട്ടേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍. മമ്പാട് പുള്ളിപ്പാടം കറുകമണ്ണ സ്വദേശിനി മുണ്ടേങ്ങാട്ടില്‍ നിഷമോളാണ് (38) മരിച്ചത്.

ഭര്‍ത്താവ് ചുങ്കത്തറ ചെറുവള്ളിപ്പാറ ഷാജി(43) നിലമ്പൂര്‍ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഇവര്‍ താമസിക്കുന്ന പുള്ളിപ്പാടത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ ഞായറാഴ്ച വൈകീട്ട് 6.30-ഓടെയാണ് സംഭവം.

തലയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റ നിഷമോളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടേറ്റതിന്റെയും മര്‍ദനമേറ്റതിന്റെയും പാടുകളുണ്ട്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

നിലമ്പൂര്‍ സി.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

മക്കള്‍: ഷാന്‍, നേഹ, ഹെനന്‍, ഹെന്ന.

തെറ്റ് ചെയ്തു, അറസ്റ്റ് ചെയ്യൂ സാറേ…

‘ഞാനൊരു തെറ്റ് ചെയ്തു. എന്നെ അറസ്റ്റ് ചെയ്യൂ സാറേ…’ എന്നാണ് ഭര്‍ത്താവ് ഷാജി പോലീസിനോട് പറഞ്ഞത്.

സംഭവശേഷം ഇയാള്‍ നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. സ്റ്റേഷനിലേക്ക് ഓടിക്കയറിയ ഉടന്‍ പറഞ്ഞതാണിത്.

വൈകീട്ട് കുട്ടികള്‍ക്ക് പൊറോട്ടയും മറ്റുമായി എത്തി. ഇത് കുട്ടികള്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് സംഭവത്തില്‍ കലാശിച്ചതെന്നാണ് പ്രതി നല്‍കിയ മൊഴി.

വഴക്കുതീര്‍ക്കാന്‍ വാടകവീട്ടില്‍; ഒടുവില്‍ കണ്ണീര്‍ ബാക്കി…

ശോകമൂകമായിരുന്നു ആ വാടക ക്വാര്‍ട്ടേഴ്സ് പരിസരം. ഇരുള്‍ മൂടി തുടങ്ങിയ പരിസരത്ത് രണ്ടു പോലീസുകാര്‍ മാത്രം കാവല്‍. നിഷമോളും കുട്ടികളും ഒരാഴ്ചയോളമായി ഈ ക്വാര്‍ട്ടേഴ്സിലേക്ക് മാറിയിട്ടെന്ന് നാട്ടുകാര്‍.

ഈ ക്വാര്‍ട്ടേഴ്സിന്റെ മറുഭാഗത്ത് താമസിക്കുന്ന കുടുംബം ഇവിടെ ഉണ്ടായിരുന്നില്ല. നിഷയും ഭര്‍ത്താവും തമ്മില്‍ വഴക്ക് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ചുങ്കത്തറയിലെ ഭര്‍ത്തൃവീട്ടില്‍ വഴക്ക് പതിവായതോടെ രണ്ടാഴ്ച മുന്‍പാണ് നിഷമോള്‍ മാതൃവീടായ കറുകമണ്ണയില്‍ എത്തിയത്. കഴിഞ്ഞയാഴ്ചയാണ് നിഷയെയും കുട്ടികളെയും മാതാവ് വാടകവീട്ടിലാക്കിയത്. കറുകമണ്ണയില്‍നിന്ന് ഒരു കിലോമീറ്ററോളം അകലെയാണിത്. രണ്ടു ദിവസമായി ഷാജി ഇവിടെയായിരുന്നു. മാസങ്ങളായി വഴക്ക് പതിവായതോടെ സ്റ്റേഷന്‍ മുഖേനയും മറ്റും പറഞ്ഞുതീര്‍ക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ഈ മാസം 30-ന് ഇവര്‍ ചുങ്കത്തറയിലെ വീട്ടിലേക്കുതന്നെ പോകാന്‍ തീരുമാനിച്ചിരുന്നതായും പറയുന്നു.

ഞായറാഴ്ച കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ടും നിഷയുടെ ഫോണ്‍ ഉപയോഗത്തെ ചൊല്ലിയുമുള്ള തര്‍ക്കം മൂര്‍ച്ഛിച്ചു. തുടര്‍ന്നാണ് മര്‍ദനവും വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിനു പിറകില്‍ വെട്ടുകയും ചെയ്തത്.

പത്താംതരത്തില്‍ പഠിക്കുന്ന മകള്‍ ഉള്‍പ്പെടെ നാലു മക്കളാണ് ഇവര്‍ക്ക്. മക്കളുടെ സാന്നിധ്യത്തിലായിരുന്നു മര്‍ദനവും കൊലപാതകവും. പേടിച്ചരണ്ട കുട്ടികള്‍ തൊട്ടടുത്ത വീട്ടിലേക്ക് ഓടി വിവരം നല്‍കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നിഷമോളെ രക്ഷിക്കാനായില്ല.