Photo: twitter.com/BCCI

ചെന്നൈ: ഐപിഎല്ലില്‍ മൂന്നാം കിരീട വിജയത്തിന്റെ ആവേശത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം. ചെന്നൈയില്‍ നടന്ന ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്തായിരുന്നു ടീമിന്റെ കിരീടധാരണം. വിജയത്തിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമ ഷാരൂഖ് ഖാന്‍ ടീം മെന്ററും മുന്‍ നായകനുമായ ഗൗതം ഗംഭീറിന്റെ നെറ്റിയില്‍ ചുംബിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ ഇപ്പോഴിതാ ടീം വിടാതിരിക്കാന്‍ ഷാരൂഖ്, ഗംഭീറിന് ബ്ലാങ്ക് ചെക്ക് ഒപ്പിട്ടുനല്‍കിയതായാണ് റിപ്പോര്‍ട്ട്. 10 വര്‍ഷത്തേക്ക് ടീമില്‍ തുടരണമെന്നാണ് ഷാരൂഖിന്റെ ആവശ്യം. പ്രതിഫലം എത്രയാണെന്ന് ഗംഭീറിന് തീരുമാനിക്കാമെന്നാണ് ഷാരൂഖ് നിലപാടെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് ഗംഭീറിനെ പരിഗണിക്കുന്നതിനിടയിലാണ് ഷാരൂഖിന്റെ ഓഫര്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത മൂന്ന് തവണ കിരീടം നേടിയപ്പോഴും ഗംഭീര്‍ നിര്‍ണായക സാന്നിധ്യമായി ടീമിനൊപ്പമുണ്ടായിരുന്നു. 2012-ലും 2014-ലും ഗംഭീറിന്റെ ക്യാപ്റ്റന്‍സിയിലാണ് കൊല്‍ക്കത് കപ്പുയര്‍ത്തിയത്. ഇപ്പോഴിതാ മെന്ററെന്ന നിലയിലും അദ്ദേഹം ടീമിന്റെ കിരീടവിജയത്തില്‍ പങ്കാളിയായിരിക്കുന്നു.

വരുന്ന ടി20 ലോകകപ്പോടെ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം ഒഴിയുമ്പോള്‍ പകരക്കാരനായി ഗംഭീറും ബിസിസിഐയുടെ പട്ടികയിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ബോര്‍ഡും താരവും ഔദ്യോഗികമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഇതിനിടെ ഐപിഎല്‍ ഫൈനലിനു പിന്നാലെ ബിസിസിഐ സെക്രട്ടറി ജയ് ഷായും ഗംഭീറും ചെപ്പോക്കില്‍ പരസ്പരം ദീര്‍ഘനേരം സംസാരിച്ചിരുന്നു. ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ ഗംഭീറിനും താത്പര്യമുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്തു. ഇതോടെയാണ് അദ്ദേഹത്തെ പിടിച്ചുനിര്‍ത്താന്‍ കൊല്‍ക്കത്ത ശ്രമം തുടങ്ങിയത്. എന്നാല്‍ ഇക്കാര്യത്തില്‍ താരം എന്തു നിലപാടു സ്വീകരിക്കുമെന്നു വ്യക്തമല്ല.