ചാക്കപ്പൻ ഓട്ടോമൊബൈൽസ് ഉടമ പി.സി. ബാബു സ്വകാര്യ ബസ് സി.എൻ.ജി.യിലേക്ക് മാറ്റുന്ന ജോലിയിൽ, കെ.എസ്.ആർ.ടി.സി. സി.എൻ.ജി. ബസ്.

20 ശതമാനം ക്ഷമത കൂടുതലും കിലോഗ്രാമിന് 12 രൂപ വിലക്കുറവുമാണ് സി.എന്‍.ജി.ക്ക് ഡീസലിനെ അപേക്ഷിച്ചുള്ള മേന്മ.

തൃശ്ശൂര്‍ പുഴയ്ക്കലിലെ ചാക്കപ്പന്‍ ഓട്ടോമൊബൈല്‍സ് ഉടമ പി.സി. ബാബുവിന്റെ മൊബൈലിലേക്ക് ശനിയാഴ്ചയും കെ.എസ്.ആര്‍.ടി.സി.യുടെ സന്ദേശമെത്തി. ബാബു സി.എന്‍.ജി.യിലേക്ക് ഇന്ധനമാറ്റം നടത്തിയ കെ.എസ്.ആര്‍.ടി.സി. ബസിന് വാഗ്ദാനം ചെയ്തത്ര മൈലേജ് ഉണ്ടെന്ന സന്ദേശമായിരുന്നു അത്. തിരുവനന്തപുരം-കൊട്ടാരക്കര റൂട്ടിലാണ് ഈ ബസിന്റെ സര്‍വീസ്.

കെ.എസ്.ആര്‍.ടി.സി.യെ ലാഭത്തിലെത്തിക്കാന്‍ പഴയ ബസുകളില്‍ സി.എന്‍.ജി. ഇന്ധനം എന്ന ആശയം കാണിച്ച് ബാബു കെ.എസ്.ആര്‍.ടി.സി.ക്ക് കത്തയച്ചിരുന്നു. ഏറ്റവും നൂതന യൂറോ നാല് ഗുണമേന്മയുള്ള സെന്‍സര്‍ സി.എന്‍.ജി. കിറ്റ് ഘടിപ്പിച്ചുനല്‍കിയ 25 ബസുകളുടെ വിശദവിവരങ്ങളും കത്തിനൊപ്പം അയച്ചിരുന്നു. അത് പഠിച്ചശേഷമാണ് കെ.എസ്.ആര്‍.ടി.സി. ഒരു ബസ് പരീക്ഷണാര്‍ഥം സി.എന്‍.ജി.യിലേക്ക് മാറ്റാന്‍ ബാബുവിന്റെ സ്ഥാപനത്തെ ഏല്‍പ്പിച്ചത്.

പ്രതിദിനം 100 ലിറ്റര്‍ ഡീസലിന്റെ ഓട്ടം നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസ് സി.എന്‍.ജി.യിലേക്ക് മാറ്റിയാല്‍ പ്രതിദിനം 3,000 രൂപയുടെ ലാഭമാണ് ബാബു ഉറപ്പുനല്‍കിയിരുന്നത്. അത് കിട്ടുന്നുണ്ടെന്നുള്ള പ്രതിദിന റിപ്പോര്‍ട്ടാണ് കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന് വരുന്നത്. സി.എന്‍.ജി.യിലേക്ക് മാറ്റിയാല്‍ ബസുകളുടെ ശേഷി 160 കുതിരശക്തിയില്‍നിന്ന് 180-ല്‍ എത്തും.

തൃശ്ശൂരിലെ ആദ്യകാല വാഹന മെക്കാനിക്കായിരുന്ന ചാക്കപ്പന്‍ പെട്രോള്‍ ബസ്സുകളുടെ എന്‍ജിനില്‍ മാറ്റം വരുത്തി ഡീസല്‍ ഇന്ധനമാക്കി വിപ്ലവം സൃഷ്ടിച്ചിരുന്നു. ചാക്കപ്പന്റെ മകന്‍ ബാബു ഇപ്പോള്‍ ഡീസല്‍ എന്‍ജിനുകള്‍ പെട്രോളിലേക്ക് മാറ്റുകയാണ്. ഈ മാറ്റം പെട്രോള്‍ എന്‍ജിനിലേക്ക് പ്രകൃതിവാതകം (സി.എന്‍.ജി.) സന്നിവേശിപ്പിച്ച് ലാഭം കൂട്ടാന്‍ വേണ്ടിയാണ്. ബാബുവിന്റെ മക്കളായ ആനന്ദ്, അരവിന്ദ് എന്നീ മെക്കാനിക്കല്‍- ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍മാരും അച്ഛനോടൊപ്പമുണ്ട്.

20 ശതമാനം ക്ഷമത കൂടുതലും കിലോഗ്രാമിന് 12 രൂപ വിലക്കുറവുമാണ് സി.എന്‍.ജി.ക്ക് ഡീസലിനെ അപേക്ഷിച്ചുള്ള മേന്മ. ഒറ്റ നിറയ്ക്കലില്‍ 600 കിലോമീറ്റര്‍ ഓടാന്‍ കഴിയുന്ന 140 കിലോഗ്രാം ശേഷിയുള്ള സിലിന്‍ഡറുകളാണ് കെ.എസ്.ആര്‍.ടി.സി. ബസില്‍ ഘടിപ്പിക്കുന്നത്. ഡീസല്‍ എന്‍ജിന്‍ പെട്രോളിലേക്ക് മാറ്റുന്നത് ബാബുവും മക്കളും ചേർന്നാണ്.

അംഗീകൃത സി.എന്‍.ജി. കിറ്റ് ഘടിപ്പിക്കുന്നത് അതിനുശേഷം. കെ.എസ്.ആര്‍.ടി.സി. ബസില്‍ കിറ്റ് ഘടിപ്പിക്കുന്നതിന് ഒന്‍പതുലക്ഷമാണ് ചെലവ്. ഒരു ദിവസം ചുരുങ്ങിയത് 3,000 രൂപ ലാഭിക്കാമെന്നതിനാല്‍ ഒരുവര്‍ഷംകൊണ്ട് മുടക്കുമുതല്‍ തിരികെ കിട്ടും. കെ.എസ്.ആര്‍.ടി.സി.ക്ക് സി.എന്‍.ജി. സബ്‌സിഡി കിട്ടിയാല്‍ ഇനിയും ലാഭം ഉയരും.