യുഎസിലേക്ക് പുറപ്പെടാനായി മുംബൈ വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങൾ |ഫോട്ടോ:PTI
ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ആദ്യസംഘം യുഎസിലേക്ക് പുറപ്പെട്ടു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ആദ്യ സംഘം മുംബൈ വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച രാത്രിയോടെയാണ് പുറപ്പെട്ടത്.
ക്യാപ്റ്റന്‍ രോഹിത്, ബുംറ, സൂര്യകുമാര്‍, ഋഷഭ് പന്ത്, മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ബാറ്റര്‍ ശുഭ്മാന്‍ ഗില്‍, ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ശിവം ദുബെ, പേസര്‍മാരായ മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, ഖലീല്‍ അഹമ്മദ്, സ്പിന്നര്‍മാരായ കുല്‍ദീപ് പട്ടേല്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ആദ്യ സംഘത്തിലുള്ളത്.
ഐപിഎല്‍ പ്ലേ ഓഫ് ടീമുകളില്‍ കളിച്ച താരങ്ങളായ വിരാട് കോലി, യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ചാഹല്‍, റിങ്കു സിങ് എന്നിവര്‍ പിന്നീട് യുഎസിലെത്തും. ഐപിഎല്‍ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മത്സരിക്കുന്ന കൊല്‍ക്കത്തയുടെ താരമാണ് റിങ്കു സിങ്.

യുഎസിലും കാനഡയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യമത്സരം ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡുമായിട്ടാണ്. ന്യൂയോര്‍ക്കില്‍ പുതുതായി നിര്‍മിച്ച അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ജൂണ്‍ ഒമ്പതിന് പാകിസ്താനുമായും ജൂണ്‍ 12ന് യുഎസുമായും ജൂണ്‍ 15ന് കാനഡയുമായുമായിട്ടാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ മത്സരങ്ങള്‍.
