പ്രതീകാത്മക ചിത്രം
കോളേജില്‍ നിന്നും സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി കുറച്ച് പേപ്പര്‍ വര്‍ക്കുകള്‍ കൂടി തീര്‍ക്കാനുണ്ട്. അതിനാല്‍ ഉടന്‍ കേളേജിലേക്ക് എത്തണം എന്നാണ് ബ്രജേഷ് വിദ്യാര്‍ഥിനികളോട് പറഞ്ഞിരുന്നത്.
സിദ്ധി: മധ്യപ്രദേശിലെ സിദ്ധിയില്‍ കോളേജ് അധ്യാപികയെന്ന് പറഞ്ഞ് സ്ത്രീശബ്ദത്തില്‍ ഫോണ്‍ വിളിച്ച് ഏഴ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. മുഖ്യപ്രതി ബ്രജേഷ് പ്രജാപതിയും സഹായികളായ ലവ്കുഷ് പ്രജാപതി, രാഹുല്‍ പ്രജാപതി, സന്ദീപ് പ്രജാപതി എന്നിവരുമാണ് അറസ്റ്റിലായത്. സ്ഥലത്തെ വനിതാ കോളേജിലെ അധ്യാപികയാണ് എന്നുപറഞ്ഞ് വിളിച്ചാണ് ഇയാള്‍ വിദ്യാര്‍ഥിനികളെ കുടുക്കിയിരുന്നത്.
ആദിവാസി സമൂഹത്തില്‍പെട്ട പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയിരുന്നത് എന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ടോടെയാണ് പോലീസ് പ്രതിയെയും കൂട്ടാളികളെയും പിടികൂടിയത്. ബ്രജേഷ് കുറ്റംസമ്മതിച്ചുവെങ്കിലും കൂട്ടാളികളായ മൂന്നുപേരും ഏതൊക്കെ വിധത്തിലാണ് കേസില്‍ ബന്ധപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമല്ല. അതുകൊണ്ടുതന്നെ സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ഉത്തരവിട്ടു.
ബ്രജേഷിന്റെ കൂട്ടാളികളില്‍ ഒരാള്‍ കോളേജ് വിദ്യാര്‍ഥിയാണ്. ഇയാള്‍ കൂടി ഉള്‍പ്പെട്ട ഒരു കോളേജ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് പ്രതികള്‍ക്ക് വിദ്യാര്‍ഥിനികളുടെ ഫോണ്‍ നമ്പറുകള്‍ ലഭിച്ചത്. പ്രതികളില്‍ നിന്നും 16 മൊബൈല്‍ ഫോണുകളാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; ടികാരിയിലെ വനിതാ കോളേജിലെ അധ്യാപികയാണ് എന്ന് പറഞ്ഞാണ് ബ്രജേഷ് വിദ്യാര്‍ഥിനികളെ വിളിച്ചിരുന്നത്.
കോളേജില്‍ നിന്നും സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി കുറച്ച് പേപ്പര്‍ വര്‍ക്കുകള്‍ കൂടി തീര്‍ക്കാനുണ്ട്. അതിനാല്‍ ഉടന്‍ കേളേജിലേക്ക് എത്തണം എന്നാണ് ബ്രജേഷ് വിദ്യാര്‍ഥിനികളോട് പറഞ്ഞിരുന്നത്. പെട്ടെന്ന് എത്തണം എന്നുള്ളതിനാല്‍ കൂട്ടിക്കൊണ്ടുവരാന്‍ തന്റെ മകനെ അയക്കാം എന്നാണ് ഫോണിലൂടെ ശബ്ദം മാറി ടീച്ചറായി സംസാരിച്ചിരുന്ന ബ്രജേഷ് പറഞ്ഞിരുന്നത്. സ്ത്രീയുടെ ശബ്ദത്തില്‍ സംസാരിക്കുന്നതിനായി ഒരു മൊബൈല്‍ ആപ്പാണ് ബ്രജേഷ് ഉപയോഗിച്ചിരുന്നത്.
വിജനമായ സ്ഥലത്തെത്തിച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം അവരുടെ മൊബൈല്‍ ഫോണുകളും പിടിച്ചുവാങ്ങി ബ്രജേഷ് നശിപ്പിച്ച് കളഞ്ഞിരുന്നു. ഒരു തവണ ബ്രജേഷ് നേരിട്ടെത്തിയാണ് ഒരു പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. അന്നയാള്‍ ഹെല്‍മറ്റും കൈയുറകളും ധരിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളതായി പോലീസ് പറയുന്നു. പരാതി നല്‍കിയ പെണ്‍കുട്ടികളുടെ മൊഴിയില്‍നിന്നും കുറ്റവാളിയുടെ കൈകളില്‍ തീപ്പൊള്ളലേറ്റ പാടുകളും മറ്റ് മുറിവുകളുടെ പാടുകളും ഉണ്ടെന്ന് തിരിച്ചറിഞ്ഞ പോലീസ്, അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുറ്റവാളിയെ കണ്ടെത്തിയത്.
ചോദ്യം ചെയ്യലില്‍ ബ്രജേഷ് ഏഴ് പെണ്‍കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുള്ളതായി സമ്മതിച്ചു. എന്നാല്‍ ഇവരില്‍ നാലു പെണ്‍കുട്ടികളാണ് പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇയാള്‍ കൂടുതല്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടാവാം എന്നാണ് പോലീസ് സംശയിക്കുന്നതെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും റേവ റേഞ്ച് ഐ.ജി. മഹേന്ദ്ര സിങ് സികാര്‍വര്‍ പറഞ്ഞു. മെയ് 13-ന് പീഡനത്തിനിരയായ ഒരു പെണ്‍കുട്ടി മെയ് 16-ന് പോലീസില്‍ പരാതി നല്‍കാന്‍ എത്തിയതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്.
പീഡനം, തട്ടിക്കൊണ്ടുപോകല്‍, മോഷണം, അപമാനിക്കല്‍ എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനുപിന്നാലെ മെയ് നാലിന് പീഡിപ്പിക്കപ്പെട്ടതായി കാണിച്ച് മെയ് 18-നും, മെയ് 20-ന് പീഡിപ്പിക്കപ്പെട്ടതായി കാണിച്ച് മെയ് 23-നും പോലീസിന് സമാനസ്വഭാവത്തിലുള്ള പരാതികള്‍ ലഭിച്ചു. ഏപ്രില്‍ 15-ന് നടന്ന പീഡനവുമായി ബന്ധപ്പെട്ട് പോക്‌സോ ആക്ട് പ്രകാരം മെയ് 19-ന് മറ്റൊരു പരാതിയും ലഭിച്ചതായി പോലീസ് വ്യക്തമാക്കുന്നു. ഇതോടെയാണ് മുഖ്യമന്ത്രി കേസില്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഐ.ജി. സികര്‍വാറിന്റെ നിര്‍ദേശപ്രകാരം സബ് ഡിവിഷന്‍ ഓഫീസേഴ്‌സ് (എസ്.ഡി.ഓ.പി.) ആയ കുസ്മി, റോഷ്‌നി സിംഗ് എന്നിവരുടെ നേതൃത്വത്തില്‍ ഒന്‍പത് പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് കേസില്‍ അന്വേഷണം നടത്തിയത്. ‘അടുത്ത ഏഴുദിവസത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ സമൂഹത്തിന്റെ ശത്രുക്കളാണ്. അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണം. ഇത്തരം കുറ്റവാളികള്‍ ഒരു കാരണവശാലും രക്ഷപ്പെടരുത്,’ – മുഖ്യമന്ത്രി മോഹന്‍ യാദവ് എക്‌സില്‍ കുറിച്ചു.
കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍ നാഥും വിഷത്തില്‍ ഉയര്‍ന്ന തലത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ‘ആദിവാസി വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടികള്‍ക്ക് പേടി കൂടാതെ കോളേജില്‍ പോകാനുള്ള സ്വാതന്ത്ര്യം പോലും മധ്യപ്രദേശില്‍ ഇല്ലേ? പിന്നെ എന്താണ് ബി.ജെ.പി. സര്‍ക്കാര്‍ ‘പെണ്‍കുട്ടികളെ പഠിപ്പിക്കൂ, പെണ്‍കുട്ടികളെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം കൊണ്ട് ഉദ്ദേശിക്കുന്നത്. മധ്യപ്രദേശില്‍ നിന്നും ഏതെങ്കിലും തരത്തില്‍ ആദിവാസികള്‍ പീഡിപ്പിക്കപ്പെടുന്നതായുള്ള വാര്‍ത്തകള്‍ വരാത്ത ദിവസങ്ങളില്ല,’ – എക്‌സിലൂടെ കമല്‍ നാഥ് കുറ്റപ്പെടുത്തി.
