പ്രതീകാത്മകചിത്രം

ഹൈക്കോടതി ജഡ്ജിയുടെ പ്രൊഫൈല്‍ചിത്രമുള്ള വാട്‌സാപ്പ് നമ്പറില്‍നിന്ന് പണം കടം ചോദിച്ചുള്ള സന്ദേശം ലഭിച്ചിരുന്നു.

മുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ ജഡ്ജിക്ക് പണം നഷ്ടമായി. മഹാരാഷ്ട്രയിലെ സോളാപുര്‍ ജില്ലാ കോടതിയിലെ ജഡ്ജിക്കാണ് ഹൈക്കോടതി ജഡ്ജിയുടെ പേരില്‍ നടന്ന തട്ടിപ്പില്‍ 50,000 രൂപ നഷ്ടമായത്. സംഭവത്തില്‍ ആസാദ് മൈതാന്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബോംബെ ഹൈക്കോടതി ജഡ്ജിയുടെ ഫോട്ടോ പ്രൊഫൈല്‍ചിത്രമാക്കിയ വാട്‌സാപ്പ് നമ്പര്‍ ഉപയോഗിച്ചാണ് ജില്ലാ ജഡ്ജിയില്‍നിന്ന് പണം തട്ടിയത്. ഹൈക്കോടതി ജഡ്ജിയുടെ പ്രൊഫൈല്‍ചിത്രമുള്ള വാട്‌സാപ്പ് നമ്പറില്‍നിന്ന് പണം കടം ചോദിച്ചുള്ള സന്ദേശം ലഭിച്ചിരുന്നു.

50,000 രൂപ അത്യാവശ്യമായി കടംവേണമെന്നും ഇന്ന് തന്നെ പണം മടക്കിനല്‍കാമെന്നുമായിരുന്നു സന്ദേശം. ഇതിനൊപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കിയിരുന്നു. വാട്‌സാപ്പ് ചിത്രം കണ്ട് സന്ദേശമയച്ചത് ഹൈക്കോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിച്ചതോടെ ജില്ലാ ജഡ്ജി ഈ അക്കൗണ്ടിലേക്ക് പണം അയച്ചുനല്‍കി. ഇതിനുശേഷം വീണ്ടും കൂടുതല്‍പണം ആവശ്യപ്പെട്ട് ഇതേനമ്പറില്‍നിന്ന് സന്ദേശം ലഭിച്ചു. ഇതോടെ സംശയം തോന്നിയ ജില്ലാ ജഡ്ജി രജിസ്ട്രാര്‍ ഓഫീസുമായി ബന്ധപ്പെട്ട് കാര്യം തിരക്കിയതോടെയാണ് സന്ദേശം അയച്ചത് ഹൈക്കോടതി ജഡ്ജി അല്ലെന്നും തട്ടിപ്പുകാരാണെന്നും ബോധ്യപ്പെട്ടത്. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.