Photo | PTI
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം ക്വാളിഫയറില്‍ സഞ്ജുവിനെയും സംഘത്തെയും മറികടന്ന് കമിന്‍സും കൂട്ടരും ഫൈനലിലേക്ക്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഹൈദരാബാദും കൊല്‍ക്കത്തയും തമ്മില്‍ കൊമ്പുകോര്‍ക്കും. ഹൈദരാബാദിനെ വലിയ സ്‌കോറിന് അനുവദിക്കാതെ ബോള്‍ട്ടും സംഘവും പിടിച്ചുകെട്ടിയെങ്കിലും ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയതാണ് രാജസ്ഥാനെ പുറത്തിരുത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 7 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സേ എടുക്കാനായുള്ളൂ. ഇതോടെ ഹൈദരാബാദിന് 36 റണ്‍സിന്റെ ജയം. മൂന്നുവിക്കറ്റ് നേടിയ ഷഹബാസ് അഹ്‌മദും രണ്ട് വിക്കറ്റ് നേടിയ അഭിഷേക് ശര്‍മയുമാണ് രാജസ്ഥാനെ തകര്‍ത്തത്. നേരത്തേ ഹൈദരാബാദിനുവേണ്ടി ഹെന്റിച്ച് ക്ലാസന്‍ 34 പന്തില്‍ 50 റണ്‍സ് നേടി. രാജസ്ഥാനുവേണ്ടി ധ്രുവ് ജുറേല്‍ ഒരറ്റത്ത് പൊരുതിയെങ്കിലും (35 പന്തില്‍ 56) വിജയം കണ്ടില്ല.
176-ലേക്കുള്ള രാജസ്ഥാന്റെ യാത്ര വേഗം കുറഞ്ഞതായിരുന്നു. ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സെറിഞ്ഞ നാലാം ഓവറില്‍ കോലര്‍ കാഡ്മര്‍ (16 പന്തില്‍ 10) ആദ്യം പുറത്തായി. ആദ്യ അഞ്ചോവറില്‍ 32 റണ്‍സ് മാത്രമാണ് രാജസ്ഥാന്റെ സമ്പാദ്യം. പവര്‍പ്ലേയിലെ അവസാന ഓവറില്‍ ഭുവനേശ്വര്‍ കുമാറിനെ ജയ്‌സ്വാള്‍ അടിച്ചുതകര്‍ത്തതോടെ (19 റണ്‍സ്) സ്‌കോര്‍ വേഗം കൂടി. പിന്നെയും അത് സാവധാനത്തിലായി.
ഇതിനിടെ എട്ടാം ഓവറില്‍ യശസ്വി ജയ്‌സ്വാളും (21 പന്തില്‍ 42) ഒന്‍പതാം ഓവറില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും (11 പന്തില്‍ 10) വീണു. പത്തോവറില്‍ 73-ന് മൂന്ന്. ഷഹബാസ് അഹ്‌മദെറിഞ്ഞ 12-ാം ഓവറില് റിയാന്‍ പരാഗും (10 പന്തില്‍ 6) രവിചന്ദ്രന്‍ അശ്വിനും (0) മടങ്ങിയതോടെ കളി സൺ റൈസേഴ്സിന്റെ വരുതിയിലെത്തി.
ടീം സ്‌കോര്‍ 92-ല്‍ നില്‍ക്കേ, ഇംപാക്ട് പ്ലെയറായെത്തിയ ഷിംറോണ്‍ ഹെറ്റ്മയറും (പത്ത് പന്തില്‍ നാല്) 124-ല്‍ നില്‍ക്കേ റോവ്മാന്‍ പവലും (12 പന്തില്‍ 6) പുറത്തായതോടെ കളി സമ്പൂര്‍ണമായി ഹൈദരാബാദിന്റെ വരുതിയിലായി. രണ്ട് സിക്‌സും ഏഴ് ഫോറും ചേര്‍ന്നതാണ് ജുറേലിന്റെ ഇന്നിങ്‌സ്. ഹൈദരാബാദിനുവേണ്ടി ഷഹബാസ് അഹ്‌മദ് നാലോവറില്‍ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. അഭിഷേക് നാലോവറില്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും കമിന്‍സ്, നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നേരത്തേ മൂന്നുവീതം വിക്കറ്റ് നേടിയ ട്രെന്റ് ബോള്‍ട്ടും ആവേശ് ഖാനുമാണ് ഹൈദരാബാദ് കുതിപ്പിന് കടിഞ്ഞാണിട്ടത്. യുസ്വേന്ദ്ര ചാഹലിന്റെ മൂന്ന് ക്യാച്ചുകള്‍ കളിയില്‍ നിര്‍ണായകമായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടി. വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസന്റെ അര്‍ധ സെഞ്ചുറിയാണ് (34 പന്തില്‍ 50) ഹൈദരാബാദിനെ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്.
ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടി വരികയായിരുന്ന അഭിഷേക് ശര്‍മയെ ആദ്യ ഓവറില്‍ത്തന്നെ ബോള്‍ട്ട് പിടിച്ചുകെട്ടി. ഓവറില്‍ ഓരോന്നുവീതം സിക്സും ബൗണ്ടറിയും ഡബിളുമായി കളം പിടിച്ചുവരവേ, അവസാന പന്തിലാണ് അഭിഷേക് ഔട്ടായത് (5 പന്തില്‍ 12). പവര്‍പ്ലേയില്‍ രണ്ടോവര്‍ എറിഞ്ഞ സ്പിന്നര്‍ അശ്വിന്‍ 25 റണ്‍സ് വഴങ്ങി.
പവര്‍പ്ലേയിലെ തന്റെ മൂന്നാം ഓവറില്‍ ബോള്‍ട്ട് രാഹുല്‍ ത്രിപാഠിയെയും (15 പന്തില്‍ 37) എയ്ഡന്‍ മാര്‍ക്രമിനെയും (1) തിരികെയയച്ചതോടെ കാര്യമായ ഭീഷണി ഒഴിവായി. ഇരുവരും ചാഹലിന്റെ ക്യാച്ചിലൂടെയാണ് പുറത്തായത്. ഇതോടെ സീസണില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമായി ബോള്‍ട്ട് മാറി (12).
വിക്കറ്റുകള്‍ വീണപ്പോഴും റണ്ണൊഴുക്ക് കുറഞ്ഞില്ല. പവര്‍പ്ലേയില്‍ 68, ആദ്യ പത്തോവറില്‍ 99 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ട്രാവിസ് ഹെഡ് (28 പന്തില്‍ 34) പത്താം ഓവറിലാണ് പുറത്തായത്. ഹെഡ് മടങ്ങിയതിനു പിന്നാലെ റണ്ണൊഴുക്ക് കുറഞ്ഞു. 14-ാം ഓവറില്‍ ആവേശ് ഖാന്‍ നിതീഷ് റെഡ്ഢിയെയും (10 പന്തില്‍ 5) അബ്ദുല്‍ സമദിനെയും (0) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയത് രാജസ്ഥാന്‍ ടീമംഗങ്ങളെ ആവേശഭരിതമാക്കി. ഇതോടെ 120 റണ്‍സിന് ആറു വിക്കറ്റെന്ന നിലയിലേക്ക് ഹൈദരാബാദ് പതിച്ചു.
തുടര്‍ന്ന് ഹെന്റിച്ച് ക്ലാസനും ഷഹബാസ് അഹ്‌മദും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 43 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയതോടെ ടീം ഭേദമെന്നു പറയാവുന്ന സ്‌കോറിലെത്തി. 19-ാം ഓവറില്‍ ക്ലാസനാണ് ഏഴാമതായി പുറത്തായത് (34 പന്തില്‍ 50). നാല് സിക്സ് ചേര്‍ന്നതാണ് ക്ലാസന്റെ ഇന്നിങ്സ്. പിന്നാലെ ഷഹബാസ് അഹ്‌മദ് (18 പന്തില്‍ 18), ജയദേവ് ഉനദ്കട്ട് (2 പന്തില്‍ 5, റണ്ണൗട്ട്) എന്നിവരും മടങ്ങി. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് പുറത്താവാതെ അഞ്ചുറണ്‍സ് നേടി.
