കൊല്ലപ്പെട്ട ഫഹീം, പ്രതി ഹാപ്‌സിൽ | Photo Courtesy: x.com/Evoclique_

ന്യൂയോര്‍ക്ക്: ടെക് കമ്പനി സി.ഇ.ഒ.യെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയ കേസില്‍ കുറ്റം സമ്മതിക്കാതെ പ്രതിയായ ജീവനക്കാരന്‍. ബംഗ്ലാദേശ് വംശജനും ടെക് കമ്പനി സി.ഇ.ഒ.യുമായിരുന്ന ഫഹീം സലേ(33)യെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ടൈറസേ ഹാസ്പില്‍ കുറ്റം നിഷേധിച്ചത്. സംഭവം ആസൂത്രിതമായ കൊലപാതകമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ സംഭവിച്ചതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

2020 ജൂലായിലാണ് പ്രമുഖ ടെക് കമ്പനി സി.ഇ.ഒ.യായ ഫഹീം സലേ ന്യൂയോര്‍ക്കില്‍ കൊല്ലപ്പെട്ടത്. ഫഹീമിന്റെ പേഴ്‌സണ്‍ അസിസ്റ്റന്റായിരുന്ന ഹാപ്‌സിലാ(25)യിരുന്നു കേസിലെ പ്രതി. ഫഹീമില്‍നിന്ന് ലക്ഷക്കണക്കിന് ഡോളര്‍ മോഷ്ടിച്ചെടുത്ത ഹാപ്‌സില്‍, ഇക്കാര്യം പുറത്തറിഞ്ഞതോടെ തൊഴിലുടമയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മാത്രമല്ല, മോഷണവിവരം പെണ്‍സുഹൃത്ത് അറിയുമെന്ന ഭയവും കൊലപാതകത്തിന് കാരണമായി.

നൈജീരിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മോട്ടോര്‍ബൈക്ക് ടാക്‌സി സ്റ്റാര്‍ട്ടപ്പ് ആയ ‘ഗോകാഡ’ ഉള്‍പ്പെടെയുള്ള കമ്പനികളുടെ സ്ഥാപകനായിരുന്നു ഫഹീം സലേ. ദീര്‍ഘകാലമായി ഫഹീമിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്നു പ്രതിയായ ഹാപ്‌സില്‍. 2020 ജൂണില്‍ തന്റെ അക്കൗണ്ടില്‍നിന്ന് 90,000 ഡോളര്‍ നഷ്ടമായതിന് പിന്നില്‍ ഹാപ്‌സിലാണെന്ന് ഫഹീം തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, കൈക്കലാക്കിയ പണം തിരിച്ചടക്കാന്‍ ഹാപ്‌സില്‍ സന്നദ്ധനായതോടെ ഫഹീം ഇയാള്‍ക്കെതിരേ പരാതി നല്‍കിയില്ല. പക്ഷേ, ഒരുതവണ പിടിക്കപ്പെട്ടിട്ടും ഹാപ്‌സില്‍ മോഷണംതുടര്‍ന്നു. ഫഹീമിന്റെ കമ്പനിയുടെ ‘പേയ് പാല്‍’ ആക്കൗണ്ടില്‍നിന്നാണ് വീണ്ടും പണം കവര്‍ന്നത്. ഇതും പിടിക്കപ്പെട്ടതോടെയാണ് ഹാപ്‌സില്‍ തൊഴിലുടമയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

ആകെ നാലുലക്ഷത്തോളം ഡോളറാണ് ഹാപ്‌സില്‍ ഫഹീമില്‍നിന്ന് കവര്‍ന്നിരുന്നത്. മോഷണവിവരം പുറത്തറിഞ്ഞാല്‍ ഫ്രഞ്ച് വംശജയായ പെണ്‍സുഹൃത്ത് തന്നെ ഉപേക്ഷിക്കുമെന്നായിരുന്നു ഹാപ്‌സിലിന്റെ ഭയം. ഇത് ചെറുക്കാനായി പ്രതി തൊഴിലുടമയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ കണ്ടെത്തല്‍. വീണ്ടും മോഷണം പിടിക്കപ്പെട്ടതോടെ ഒന്നുകില്‍ ആത്മഹത്യ അല്ലെങ്കില്‍ കൊലപാതകം എന്നതായിരുന്നു ഹാപ്‌സിലിന്റെ മുന്നിലുണ്ടായിരുന്ന വഴി. തുടര്‍ന്ന് ഇയാള്‍ കൊലപാതകം തിരഞ്ഞെടുക്കുകയും ഫഹീമിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി വകവരുത്തുകയുമായിരുന്നു.

സംഭവദിവസം മാസ്‌ക് ധരിച്ച് ഫഹീമിന്റെ വീട്ടിലെത്തിയ പ്രതി കൈയില്‍ കരുതിയ ‘ടെയ്‌സര്‍’ ഉപയോഗിച്ച് ആദ്യം വൈദ്യുതാഘാതമേല്‍പ്പിക്കുകയാണ് ചെയ്തത്. ഫഹീമിനെ ഇത്തരത്തില്‍ കീഴ്‌പ്പെടുത്തിയതോടെ അതിമാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചു. മരണം ഉറപ്പിച്ചതോടെ മൃതദേഹം വെട്ടിമുറിച്ചു. തൊട്ടടുത്തദിവസം തലയും അറത്തുമാറ്റി.

കൊലപാതകത്തിന് ശേഷം സംഭവസ്ഥലം വൃത്തിയാക്കാനും പ്രതി ശ്രമിച്ചിരുന്നു. ഇതിനായുള്ള രാസവസ്തുക്കളടക്കം പ്രതി വാങ്ങിയതും തൊഴിലുടമയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചായിരുന്നു. സംഭവദിവസം യാത്രചെയ്യാനായി പണം മുടക്കിയതും ഇതേ കാര്‍ഡില്‍നിന്നാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ഫഹീമിന്റെ സഹോദരി വീട്ടിലെത്തിയതോടെ നടുക്കുന്ന കൊലപാതകവിവരം പുറംലോകമറിഞ്ഞത്. വീട്ടിലെത്തിയ സഹോദരി ആദ്യംകണ്ടത് ഫഹീമിന്റെ തല വേര്‍പ്പെട്ട കൈകാലുകളില്ലാത്ത മൃതദേഹമായിരുന്നു. ഇതോടെ ഇവര്‍ പോലീസിനെ ഉള്‍പ്പെടെ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ പ്രതിയുടെ ‘ടെയ്‌സറി’ന്റെ ടാഗ് കണ്ടെടുത്തത് നിര്‍ണായകമായി. ഇതില്‍നിന്ന് ഹാപ്‌സിലാണ് ഒരുമാസം മുമ്പ് ‘ടെയ്‌സര്‍’ വാങ്ങിയതെന്ന് പോലീസ് തിരിച്ചറിയുകയായിരുന്നു.

കൃത്യം നടത്തിയശേഷം മറ്റൊരു യുവതിക്കൊപ്പം പിറന്നാള്‍ ആഘോഷത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രതി. കേക്കും ബലൂണുകളും മറ്റു വിലകൂടിയ ബാഗുകളും അടക്കം വാങ്ങി സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ പാര്‍ട്ടി നടത്താനായിരുന്നു പ്രതിയുടെ പദ്ധതി. എന്നാല്‍, വൈകാതെ ഇയാള്‍ പിടിയിലാവുകയായിരുന്നു. കൊല്ലപ്പെട്ട സലേയുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങിക്കൂട്ടിയ ആഡംബര ബാഗുകളും ഷൂസുകളും ഉള്‍പ്പെടെ പ്രതിയില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.