ഹാർദിക്, നടാഷ

സ്വത്തിന്റെ 70% നടാഷയ്ക്ക് നല്‍കുന്നതോടെ ഹാര്‍ദിക് തെരുവിലാകും എന്നാണ് സ്‌റ്റോറിയുടെ അന്തരാര്‍ത്ഥം എന്ന തരത്തിലായി പിന്നീട് സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ച.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും നടിയും മോഡലുമായ ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിയുന്നതായി അഭ്യൂഹം. നടാഷ ഇന്‍സ്റ്റഗ്രാം പേജിലെ തന്റെ പേരില്‍നിന്നും ഹാര്‍ദികിന്റെ പേര് ഒഴിവാക്കിയതോടെയാണ് ഇരുവരും പിരിയുന്നതായുള്ള അഭ്യൂഹം ശക്തമായത്. ഹാര്‍ദികും നടാഷയും സംഭവത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. നിലവില്‍ ടി20 ലോകക്കപ്പിനായുള്ള ഒരുക്കത്തിലാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക്.

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ ഹാര്‍ദികിന് ഈ സീസണില്‍ ബാറ്റിങ്ങിലോ ബൗളിങ്ങിലോ കാര്യമായി തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 2024 ഐ.പി.എല്‍ പോയന്റ് ടേബിളില്‍ അവസാനക്കാരായ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. 14 കളികളില്‍ നാലെണ്ണത്തില്‍ മാത്രമാണ് മുംബൈ ഇന്ത്യന്‍സ് വിജയിച്ചത്. ഇതിനുപിന്നാലെയാണ് ഹാര്‍ദികും നടാഷയും വേര്‍പിരിയുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.

റെഡ്ഡിറ്റ് എന്ന സാമൂഹ്യമാധ്യമത്തിലൂടെയാണ് ഹാര്‍ദികും നടാഷയും വേര്‍പിരിയുന്നു എന്ന തരത്തില്‍ വാര്‍ത്ത പുറത്തുവന്നത്. ഹാര്‍ദികിന്റെ സ്വത്തിന്റെ 70% ജീവനാംശമായി നടാഷയ്ക്ക് നല്‍കേണ്ടിവരും എന്നിങ്ങനെ പുറത്തുവന്ന വാര്‍ത്ത മറ്റ് സാമൂഹ്യമാധ്യമങ്ങളിലൂടെയും പരക്കുകയായിരുന്നു.

ഇതിനുപറമേ, റോഡിലെ സുരക്ഷാ ചിഹ്നങ്ങളുമായി ബന്ധപ്പെട്ട ചാര്‍ട്ടിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഒരാള്‍ തെരുവിലിറങ്ങാന്‍ പോകുന്നു’ എന്ന ക്യാപ്ഷനോടെ നടാഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയും അഭ്യൂഹത്തിന്റെ ഭാഗമായി. സ്വത്തിന്റെ 70% നടാഷയ്ക്ക് നല്‍കുന്നതോടെ ഹാര്‍ദിക് തെരുവിലാകും എന്നാണ് സ്‌റ്റോറിയുടെ അന്തരാര്‍ത്ഥം എന്ന തരത്തിലായി പിന്നീട് സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ച.

അതേസമയം, ഇരുവരും പിരിയുന്നതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് കാണിച്ച് ഹാര്‍ദികിന്റെയും നടാഷയുടെയും ഫാന്‍സും രംഗത്തെത്തി. നടാഷയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഹാര്‍ദികും കുഞ്ഞുമായുള്ള ചിത്രങ്ങളും വീഡിയോകളും ഇപ്പോഴുമുണ്ടെന്ന് ഫാന്‍സ് പറയുന്നു. മാത്രമല്ല മുംബൈ ഇന്ത്യന്‍സിന്റെ മത്സരം കാണാന്‍ നടാഷ സ്റ്റേഡിയത്തില്‍ എത്തിയിരുന്നതായും ഫാന്‍സ് ചൂണ്ടിക്കാട്ടുന്നു.

2020-ലാണ് നടാഷയും ഹാര്‍ദികും വിവാഹിതരായത്. ലോക്ഡൗണിനിടയില്‍ രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. അതുകൊണ്ടുതന്നെ മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം 2023-ല്‍ ഇരുവരും വീണ്ടും വിവാഹിതരായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമായി ആര്‍ഭാടമായി നടത്തിയ വിവാഹത്തിലെ പ്രധാന ആകര്‍ഷണം ഇരുവരുടെയും മകന്‍ അഗസ്ത്യ ആയിരുന്നു. 2020 ജൂലൈയിലാണ് ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നത്.