അറസ്റ്റിലായ ഷഹാൽ, അനസ്, കതിരേശൻ, റാഷിദ്, കുമാർ, നൗഷാദ്, സലിം എന്നിവർ പോലീസ് പിടിച്ചെടുത്ത ഇരുചക്രവാഹനങ്ങൾക്കൊപ്പം
കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ബൈക്കുകൾ മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്കു കടത്തുന്ന അന്തസ്സംസ്ഥാന മോഷണസംഘത്തിലെ ഏഴുപേർ കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായി. ഇവർ ജില്ലയിൽനിന്ന് മോഷ്ടിച്ചുകടത്തിയ 28 ബൈക്കുകളും വാഹനഭാഗങ്ങളും തമിഴ്‌നാട് തെങ്കാശി ജില്ലയിലെ അടയ്ക്കൽപട്ടണത്തിലെ യാർഡിൽനിന്ന് കണ്ടെത്തി തിരിച്ചെത്തിച്ചു.
ആക്രിക്കച്ചവടത്തിന്റെ മറവിൽ ബൈക്കുകൾ മോഷ്ടിച്ച് അതിർത്തികടത്തി സ്പെയർപാർട്‌സായി വിൽക്കുന്ന സംഘത്തിലെ അംഗങ്ങളായ കരിക്കോട് സാരഥി നഗർ-52, ഫാത്തിമ മൻസിലിൽ ഷഹൽ (42), ഓയൂർ റാഷിന മൻസിലിൽ റാഷിദ് (33), വാളത്തുംഗൽ വയലിൽ പുത്തൻവീട്ടിൽ നൗഷാദ് (64), ഉമയനല്ലൂർ അടികാട്ടുവിള പുത്തൻവീട്ടിൽ സലിം (71), പിണയ്ക്കൽ തൊടിയിൽവീട്ടിൽ അനസ്, തമിഴ്നാട് സ്വദേശികളായ കതിരേശൻ (24), കുമാർ (49) എന്നിവരാണ് അറസ്റ്റിലായത്. അനസ്, റാഷിദ്, മണികണ്ഠൻ എന്നിവരാണ് പ്രധാന മോഷ്ടാക്കളെന്ന് പോലീസ് പറഞ്ഞു. അനസും കൂട്ടരും മോഷ്ടിച്ച വാഹനങ്ങൾ കതിരേശന് എത്തിച്ചുനൽകും. കതിരേശനാണ് ബൈക്കുകൾ അതിർത്തി കടത്തിയിരുന്നത്. മണികണ്ഠനും തെങ്കാശി യാർഡ് ഉടമ ശെൽവവും പിടിയിലായിട്ടില്ല. ഇവർക്കായി അന്വേഷണം തുടരുന്നു.
കൊല്ലം റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തുനിന്നടക്കം ബൈക്കുകൾ മോഷണം പോകുന്നത് പതിവായതോടെയാണ് ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്‌കരിച്ചത്. വാഹന ബ്രോക്കർമാരെയും വാഹനങ്ങൾ പൊളിച്ചുവിൽക്കുന്നവരെയും വാഹനമോഷണ കേസുകളിൽപ്പെട്ടവരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രധാന പ്രതിയായ അനസിനെ പിടികൂടിയത്. ഇയാൾ വഴി മറ്റു പ്രതികളെ കണ്ടെത്തുകയായിരുന്നു.
മോഷ്ടിച്ച ബൈക്കുകൾ തമിഴ്‌നാട്ടിലേക്കാണ് കടത്തുന്നതെന്ന് മനസ്സിലാക്കിയ അന്വേഷണസംഘം അനസ് വഴി വാഹനം നൽകാനുണ്ടെന്ന വ്യാജേന കതിരേശനെ വിളിച്ചുവരുത്തി. തെങ്കാശിയിലെ യാർഡ് കണ്ടെത്തിയെങ്കിലും ആയിരക്കണക്കിന് ബൈക്കുകളുണ്ടായിരുന്ന ഇവിടത്തെ വാഹനങ്ങളേറെയും പൊളിച്ചുമാറ്റിയ നിലയിലായിരുന്നു.
ബൈക്കുകൾ അതിർത്തികടത്താൻ ഉപയോഗിച്ച ചരക്ക് വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിന്റെ പലഭാഗങ്ങളിൽനിന്നായി ദിവസേന അഞ്ച് ബൈക്കുകൾ വീതമാണ് ഈ വാഹനത്തിൽ തമിഴ്‌നാട്ടിലെത്തിച്ചിരുന്നത്. സബ് ഇൻസ്പെക്ടർ ദിൽജിത്ത്, സി.പി.ഒ.മാരായ അനു ആർ.നാഥ്, ഷെഫീക്ക്, സൂരജ്, എം.അനീഷ്, അനീഷ്, ഷൈജു ബി.രാജ്, അജയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
