പ്രതീകാത്മക ചിത്രം
പാലക്കാട്: സിനിമാചിത്രീകരണത്തിനായി മുടക്കിയ പണം നിർമാതാവ് തിരികെ നൽകിയില്ലെന്ന് പരാതി. അടുത്തിടെ പ്രദർശനത്തിനൊരുങ്ങിയ മലയാള ചലച്ചിത്രത്തിന്റെ നിർമാണത്തിന് ഒരു കോടിയോളം രൂപ മുടക്കിയതായി പാലക്കാട് അകത്തേത്തറ നടക്കാവിൽ മീൻകച്ചവടം ചെയ്യുന്ന എ. മുഹമ്മദ് ഷെരീഫ്, വിദേശത്ത് ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ശ്രീകുമാർ രഘുനാഥൻ എന്നിവരാണ് പോലീസിൽ പരാതിപ്പെട്ടത്.
തുക തിരികെ ആവശ്യപ്പെടുമ്പോൾ കരിമ്പ സ്വദേശിയും അകത്തേത്തറയിൽ താമസക്കാരനുമായ നിർമാതാവ് ഒഴിഞ്ഞുമാറുന്നുവെന്നാണ് പരാതി. താൻ നൽകിയ 70 ലക്ഷത്തോളം രൂപ തിരികെ കിട്ടാൻ നടപടിയാവശ്യപ്പെട്ട് ജില്ലാ പോലീസ് മോധാവിക്ക് പരാതി നൽകിയതായി മുഹമ്മദ് ഷെരീഫ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതെന്ന് മുഹമ്മദ് ഷെരീഫ് പറഞ്ഞു. പോലീസിൽനിന്ന് നടപടിയുണ്ടായില്ലെങ്കിൽ നിയമവഴി തേടുമെന്ന് മുഹമ്മദ് ഷെരീഫീന്റെ അഭിഭാഷകൻ എൻ. അനിൽകുമാർ അറിയിച്ചു. ശ്രീകുമാർ കൊല്ലത്താണ് പോലീസിൽ പരാതി നൽകിയത്.
പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് ഹേമാംബിക നഗർ പോലീസ് പറഞ്ഞു. സിനിമാപ്രദർശനം വഴിമുട്ടിയതോടെ സാമ്പത്തികഞെരുക്കമുണ്ടായെന്നാണ് നിർമാതാവ് പറയുന്നത്. പരാതിയിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ സ്റ്റേഷനിലെത്താൻ നിർമാതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു..
