സിദ്ധാർത്ഥൻ, പൂക്കോട് വെറ്റിനറി കോളേജ്
എന്നാൽ, പെൺകുട്ടിക്കെതിരേ നടപടിയെടുക്കാത്തതിൽ ആന്റി റാഗിങ് സ്ക്വാഡിലെ ഒരംഗം വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട്.
കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥനെ ആദ്യം മർദനത്തിന് വിധേയമാക്കിയ ഫെബ്രുവരി 16-ന് രാത്രി വാട്ടർടാങ്കിനുസമീപത്തെ കുന്നിൻമുകളിൽ കാശിനാഥൻ എന്ന പ്രതിക്കൊപ്പം ഒരു പെൺകുട്ടി ഉണ്ടായിരുന്നുവെന്നതിന് തെളിവില്ലെന്ന് ആന്റിറാഗിങ് സ്ക്വാഡിന്റെ അന്തിമറിപ്പോർട്ട്. റിപ്പോർട്ട് ആന്റി റാഗിങ് കമ്മിറ്റി യോഗംചേർന്ന് അംഗീകരിച്ചു. അടുത്തദിവസം സർവകലാശാലാ വൈസ് ചാൻസലർക്ക് കൈമാറും.
എന്നാൽ, പെൺകുട്ടിക്കെതിരേ നടപടിയെടുക്കാത്തതിൽ ആന്റി റാഗിങ് സ്ക്വാഡിലെ ഒരംഗം വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട്. കുന്നിൻമുകളിൽ പ്രശ്നംനടക്കുന്നതായി കാശിനാഥന് ഫോൺവന്നതായും അവിടെനിന്ന് ശബ്ദംകേട്ടതായും പെൺകുട്ടി മൊഴിനൽകിയിട്ടുണ്ടെങ്കിലും കുന്നിൻമുകളിലേക്ക് പോയിരുന്നുവെന്നതിന് തെളിവൊന്നും ലഭിച്ചില്ല. പെൺകുട്ടി അവിടെയുണ്ടായിരുന്നുവെന്നത് കേട്ടുകേൾവിമാത്രമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, കോളേജ് യൂണിയൻ പ്രസിഡന്റായിരുന്ന അരുണിന്റെ മുറിയിൽ എട്ടുമാസത്തോളം സിദ്ധാർഥൻ നിർബന്ധിതനായി ഹാജരാവേണ്ടിവന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കോളേജ് ഹോസ്റ്റലിലും കുന്നിൻമുകളിലുംവെച്ച് സിദ്ധാർഥൻ ആൾക്കൂട്ടവിചാരണയ്ക്കിരയായി മരിച്ച കേസിൽ സി.ബി.ഐ. കൊച്ചി പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
കമ്മിഷൻ തെളിവെടുപ്പ് ആരംഭിക്കുന്നു
പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥൻ അസ്വാഭാവിക മരണം അന്വേഷിക്കുന്ന കമ്മിഷൻ പ്രവർത്തനം തുടങ്ങുന്നു. എറണാകുളം തൃക്കാക്കരയിലെ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ വിസിറ്റിങ് ഫാക്കൽറ്റി ഗസ്റ്റ് ഹൗസിലെ കമ്മിഷൻ ഓഫീസിൽ 29- ന് പത്തിന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ. ഹരിപ്രസാദിന്റെ നേതൃത്വത്തിൽ തെളിവെടുക്കും. സിദ്ധാർഥന്റെ മരണത്തിലേക്ക് നയിച്ചെന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടേയോ അധികൃതരുടെയോ വീഴ്ചയാണ് ഗവർണർ നിശ്ചയിച്ച കമ്മിഷൻ അന്വേഷിക്കുന്നത്. വിവരങ്ങളും തെളിവുകളും കമ്മിഷന് നേരിട്ടോ കമ്മിഷൻ ഓഫ് എൻക്വയറി, വിസിറ്റിങ് ഫാക്കൽറ്റി ഗസ്റ്റ് ഹൗസ്, കുസാറ്റ് പി.ഒ., തൃക്കാ ക്കര, പിൻ 682022 എന്ന വിലാസത്തിലോ അറിയിക്കാം. 8848314328 എന്ന നമ്പറിലും ബന്ധപ്പെടാം.വിവരങ്ങൾ കൈമാറുന്നവർ പേരും വിലാസവും സാക്ഷ്യപ്പെടുത്തുന്ന രേഖകളും നൽകണം. വ്യക്തിഗതവിവരങ്ങൾ രഹസ്യമായിരിക്കണമെന്നുള്ളവർ അതും അറിയിക്കണം.
