Photo: twitter.com/ICC
ന്യൂയോര്‍ക്ക്: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ബംഗ്ലാദേശിനെ കീഴടക്കി പരമ്പര സ്വന്തമാക്കി യുഎസ്എ. ആറു റണ്‍സിനായിരുന്നു രണ്ടാം മത്സരത്തില്‍ യുഎസിന്റെ ജയം. ഇതോടെ ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തിനെതിരായ ആദ്യ ടി20 പരമ്പര വിജയമെന്ന നേട്ടവും യുഎസ് ടീം സ്വന്തമാക്കി. ആദ്യ മത്സരം യുഎസ്എ അഞ്ചു വിക്കറ്റിന് വിജയിച്ചിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ശേഷിക്കേ തന്നെ അവര്‍ സ്വന്തമാക്കുകയായിരുന്നു. ടി20 ലോകകപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ നേരിട്ട കനത്ത തോല്‍വി ബംഗ്ലാദേശിനെ ഇരുത്തിചിന്തിപ്പിക്കും.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ യുഎസ്എ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ യുഎസ് 19.3 ഓവറില്‍ 138 റണ്‍സിന് ഓള്‍ഔട്ടാക്കുകയായിരുന്നു.
25 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ അലി ഖാനാണ് യുഎസിനായി ബൗളിങ്ങില്‍ തിളങ്ങിയത്. ഷെഡ്‌ലി, സൗരഭ് നേത്രാവല്‍ക്കര്‍ എന്നിവര്‍ രണ്ടു വിക്കറ്റെടുത്തു.
ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ (36), ഷാക്കിബ് അല്‍ ഹസന്‍ (30), തൗഹിദ് ഹൃദോയ് (25) എന്നിവര്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്.
നേരത്തേ ക്യാപ്റ്റന്‍ മൊണാങ്ക് പട്ടേല്‍ (42), ആരോണ്‍ ജോണ്‍സ് (35), സ്റ്റീവന്‍ ടെയ്‌ലര്‍ (31) എന്നിവരുടെ ഇന്നിങ്‌സാണ് യുഎസ്എയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.
