പ്രതീകാത്മക ചിത്രം (ഇൻസെറ്റിൽ ഷാൽകൃഷ്ണൻ)

കരുനാഗപ്പള്ളി: യുവതി അറിയാതെ നഗ്നചിത്രം പകർത്തുകയും ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്കൊപ്പം കൂട്ടബലാത്സംഗം നടത്തുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ആദിനാട് സായികൃപയിൽ ഷാൽകൃഷ്ണൻ (38) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.

വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയാണ് ഷാൽകൃഷ്ണൻ. യുവതിയുടെ കുളിമുറിയിലെ ദൃശ്യങ്ങൾ പകർത്തുകയും ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികപീഡനം നടത്തുകയുമായിരുന്നെന്ന്‌ പോലീസ് അറിയിച്ചു. തുടർന്ന് പ്രതിയുടെ രണ്ട് സുഹൃത്തുക്കളെയും കൂട്ടി രാത്രി യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകടന്ന് മൂവരും ചേർന്ന് മർദിച്ച് കൂട്ടബലാത്സംഗം ചെയ്തതായും പോലീസ് പറഞ്ഞു. പ്രതിയുടെ ഒപ്പമുണ്ടായിരുന്ന രണ്ടുപേരും ഒളിവിലാണ്. ഇവർ വധശ്രമം, വഞ്ചന, കവർച്ച, നർക്കോട്ടിക്‌, അബ്കാരി കേസുകളിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളി പോലീസ് കേസെടുത്തത്. കരുനാഗപ്പള്ളി എ.സി.പി. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒളിവിൽപ്പോയ രണ്ടും മൂന്നും പ്രതികളെ ഉടൻ പിടികൂടുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു.