കെ. സുധാകരൻ, എം.ബി. രാജേഷ്

സര്‍ക്കാര്‍ അബ്കാരികളുടെ കൈയില്‍ കിടന്നു കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ച് വീണ്ടും ബാര്‍ കോഴ വിവാദം. എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് രാജി വെക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ആവശ്യപ്പെട്ടു. അതിനിടെ, പ്രതിപക്ഷം രാജി ആവശ്യപ്പെടാത്തതെന്താണെന്ന് ആലോചിച്ചിരിക്കുകയായിരുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ് പരിഹസിച്ചു. നിയമസഭ തുടങ്ങാന്‍ പോകുകയല്ലേ, ബാക്കി അവിടെവെച്ച് കാണാമെന്നും എം.ബി. രാജേഷ് പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

‘കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരല്ല ഈ സര്‍ക്കാര്‍. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ ചെയ്തുകൊടുത്ത ആനുകൂല്യങ്ങളും ഇളവുകളുമല്ല കൊടുത്തത്. ഈ സര്‍ക്കാരാണ് കഴിഞ്ഞ മദ്യനയത്തില്‍ ബാര്‍ ലൈസന്‍സ് ഫീസ് ഒറ്റയടിക്ക് അഞ്ചുലക്ഷം രൂപ വര്‍ധിപ്പിച്ചത്. കേരളത്തില്‍ ഇതിനുമുമ്പ് ഒരിക്കലും അങ്ങനെ വര്‍ധിപ്പിച്ചിട്ടില്ല.’ -എം.ബി. രാജേഷ് പറഞ്ഞു.

‘കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ഉടമകളുടെ ക്രമക്കേടുകള്‍ക്ക് പിഴ ഉണ്ടായിരുന്നോ? ഒന്നാം പിണറായി സര്‍ക്കാരാണ് ബാര്‍ ക്രമക്കേടുകള്‍ക്ക് ആദ്യം പിഴ ഏര്‍പ്പെടുത്തിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ അത് ഗണ്യമായി വര്‍ധിപ്പിച്ചു. കഴിഞ്ഞ ആറുമാസം കൊണ്ട് 52 ബാറുകള്‍ക്കെതിരെ കേസെടുത്തു. 30 എണ്ണത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഈ ശബ്ദരേഖ പുറത്തുവിട്ടയാളുടെ ബാറിലും പരിശോധന നടന്നിട്ടുണ്ടോ എന്ന് എനിക്ക് അറിഞ്ഞൂകൂടാ. കര്‍ശന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിന്റെ അസ്വസ്ഥതയും ഇതില്‍ കാണാം.’

‘അഞ്ചുലക്ഷം ലൈസന്‍സ് ഫീസ് കൂട്ടിയതാണോ ബാറുകള്‍ക്ക് നല്‍കിയ ഇളവ്? മാധ്യമങ്ങളില്‍ കഴിഞ്ഞ ഒരുമാസമായി വാര്‍ത്തകള്‍ വരികയാണ്. അത് വിശ്വസിച്ചാണ് ഇറങ്ങിപ്പുറപ്പെടുന്നതെങ്കില്‍ കര്‍ശനമായ നടപടിയുണ്ടാകും. മദ്യനയവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും സര്‍ക്കാര്‍ നടത്തിയിട്ടില്ല.’ -മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി.

അതേസമയം, സര്‍ക്കാര്‍ അബ്കാരികളുടെ കൈയില്‍ കിടന്നു കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അതിന്റെ കാരണം ജനങ്ങള്‍ ആലോചിച്ചു ഇരുന്നപ്പോഴാണ് ഓഡിയോ ക്ലിപ്പ് പുറത്ത് വരുന്നത്. വിഷയം സബ്ജക്ട് കമ്മിറ്റിയില്‍ വന്നപ്പോള്‍ തന്നെ പ്രതിപക്ഷം എതിര്‍ത്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് പോലും മനഃപൂര്‍വം മറച്ചുവയ്ക്കുന്നുവെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

രണ്ടാം ബാർ കോഴ വിവാദം

വെള്ളിയാഴ്ച രാവിലെയാണ് കേരളത്തെ പിടിച്ചുകുലുക്കാന്‍ ശേഷിയുള്ള രണ്ടാം ബാര്‍ കോഴ വിവാദത്തിന് തീ പിടിച്ചത്. മദ്യനയം ബാര്‍ മുതലാളിമാര്‍ക്ക് അനുകൂലമായി മാറ്റുന്നതിന് ഓരോ ഹോട്ടലും രണ്ടരലക്ഷം രൂപവീതം നല്‍കണമെന്ന് ബാറുടമകളുടെ സംഘടനാനേതാവിന്റെ ശബ്ദരേഖ പുറത്തുവന്നതായിരുന്നു വിവാദത്തിന്റെ തുടക്കം.

വ്യാഴാഴ്ച ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്റെ എറണാകുളത്തുചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമെന്നനിലയില്‍ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാപ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമെന്നനിലയിലാണ് ആരോപണം പുറത്തുവന്നത്. സംഘടനയുടെ ഇടുക്കി ജില്ലാ ഗ്രൂപ്പിലാണ് ശബ്ദസന്ദേശം പ്രത്യക്ഷപ്പെട്ടത്.

നേരത്തേതന്നെ ഒരു ബാര്‍ ഹോട്ടലുകാരില്‍നിന്ന് രണ്ടരലക്ഷം രൂപവീതം പിരിക്കാന്‍ സംഘടന തീരുമാനിച്ചിരുന്നു. എന്നാല്‍, പലരും പിരിവുനല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് അംഗങ്ങള്‍ പിരിവുനല്‍കണമെന്ന സംഘടനയുടെ കര്‍ശനനിര്‍ദേശം നേതാവ് ഗ്രൂപ്പിലിട്ടത്.

ശബ്ദസന്ദേശം വന്നശേഷം അനിമോനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. ടൂറിസംമേഖലയെ ബാധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന നിര്‍ദേശം ഇതിനകംതന്നെ സര്‍ക്കാരിനുമുന്നിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞമാസംചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗം നല്‍കിയ ശുപാര്‍ശകളിലൊന്നാണിത്.

സംസ്ഥാനത്ത് 900-ത്തിനടുത്ത് ബാറുകളാണുള്ളത്. ഭൂരിഭാഗം പേരും പിരിവുനല്‍കിയാല്‍ത്തന്നെ ഭീമമായ കോഴയാണ് മദ്യനയത്തില്‍ ഇളവുവരുത്തുന്നതിനുപിന്നില്‍ നടക്കുന്നതെന്ന് ശബ്ദരേഖ തെളിയിക്കുന്നു. കെ.എം. മാണി ധനമന്ത്രിയായിരിക്കെ ബാറുകള്‍ പൂട്ടാതിരിക്കുന്നതിന് ഉടമകളോട് കോഴ ചോദിച്ചുവെന്ന ഹോട്ടലുടമ ബിജു രമേശിന്റെ ആരോപണം രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുകയും മാണിയുടെ രാജിയില്‍ കലാശിക്കുകയും ചെയ്തു.

ശബ്ദസന്ദേശം ഇങ്ങനെ

”കഴിഞ്ഞ ജനറല്‍ബോഡി മീറ്റിങ്ങില്‍ത്തന്നെ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നതാണ്. ഇലക്ഷന്‍ കഴിഞ്ഞാലുടന്‍ പുതിയ പോളിസി വരുന്നതാണ്. അതിനകത്ത് ഒന്നാംതീയതി ഡ്രൈ ഡേ എടുത്തുകളയും. സമയത്തിന്റെ കാര്യമൊക്കെയുണ്ട്. ഇതൊക്കെ ചെയ്തുതരണമെന്നുണ്ടെങ്കില്‍ നമ്മള്‍ കൊടുക്കേണ്ട കാര്യങ്ങള്‍ കൊടുക്കണം. ഇതുവരെ പിരിക്കേണ്ട തുകയുടെ മൂന്നിലൊന്നുമാത്രമേ സ്റ്റേറ്റ് ഓവര്‍ കിട്ടിയിട്ടുള്ളൂ. ഇത് നമ്മള്‍ കൊടുക്കാണ്ട് ആരും നമ്മളെ സഹായിക്കില്ല. ആരുമായിട്ടും ആര്‍ക്കും വേറെ ബന്ധങ്ങളും കാര്യങ്ങളുമൊന്നുമില്ല. അതുകൊണ്ട് രണ്ടരലക്ഷം രൂപവെച്ച് കൊടുക്കാന്‍ പറ്റുന്നവര്‍ രണ്ടുദിവസത്തിനകം ഗ്രൂപ്പിലിടുക. ആരുടെയും പത്തുപൈസ പോകില്ല. അതിനെല്ലാം കൃത്യമായ കണക്കുണ്ടാകും.”

”വിശ്വാസമില്ലാത്തവര്‍ അവരുടെ ഇഷ്ടംപോലെ ചെയ്യുക. ഇതൊന്നും കൊടുക്കാണ്ട് എല്ലാ കാര്യങ്ങളും ചെയ്യാമെന്നുപറഞ്ഞ് ചില ആളുകള്‍ വന്നതായി പ്രസിഡന്റ് പറഞ്ഞു. അങ്ങനെയുള്ളവരുടെ കൂടെ അവര്‍ പോകുക. നമ്മള്‍ സഹകരിച്ചില്ലെങ്കില്‍ വലിയ നാശത്തിലേക്കാണ് പോകുന്നത്. പണ്ടത്തെ അവസ്ഥയില്‍ വന്നുകഴിഞ്ഞാല്‍ അതിനെപ്പറ്റി നമ്മളെല്ലാം ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. ഇലക്ഷന്‍ കഴിഞ്ഞ് ഒരു പാര്‍ട്ടിക്കും പൈസ മേടിക്കുന്നതല്ല. എന്നാല്‍, അതിനും പ്രസിഡന്റ് ഒരു ഓപ്ഷനും കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. കച്ചവടമില്ലെന്നൊക്കെയുള്ള കാര്യങ്ങള്‍ പലര്‍ക്കും പറയാനുണ്ടാകും. കൊടുത്തിട്ട് എന്താണ് പ്രയോജനമെന്നും ചോദിക്കുന്നുണ്ടാകും. എന്നാല്‍, എല്ലാവരോടും മറുപടിപറയാന്‍ കഴിയാത്തതിനാലാണ് ഗ്രൂപ്പിലിടുന്നത്”.

സ്ഥിരീകരിച്ച് ബാറുടമകള്‍

ശബ്ദരേഖ അനിമോന്റേതു തന്നെയാണെന്നും യോഗത്തില്‍ ഈ തീരുമാനം എടുത്തിട്ടുണ്ടെന്നും യോഗത്തില്‍ സംബന്ധിച്ച ബാറുടമകള്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 900-ത്തിനടുത്ത് ബാറുടമകളാണ് നിലവിലുള്ളത്. എല്ലാ ബാറുകാരും പിരിവ് നല്‍കിയില്ലെങ്കിലും ഭൂരിഭാഗം പേരും പിരിവ് നല്‍കിയാല്‍ത്തന്നെ ഭീമമായ കോഴയാണ് മദ്യനയത്തില്‍ ഇളവുവരുത്തുന്നതിനുപിന്നില്‍ നടക്കുന്നതെന്ന് ശബ്ദരേഖ തെളിയിക്കുന്നു. കെ.എം. മാണി മന്ത്രിയായിരിക്കെ ബാറുകള്‍ പൂട്ടാതിരിക്കുന്നതിന് ഉടമകളോട് കോഴ ചോദിച്ചെന്ന ഹോട്ടലുടമ ബിജു രമേശിന്റെ ആരോപണം രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുകയും മാണിയുടെ രാജിയില്‍ കലാശിക്കുകയും ചെയ്തിരുന്നു.