അബൂബക്കർ

തിരൂര്‍ കുടുംബകോടതിയില്‍ വടക്കേപ്പുറത്ത് അബൂബക്കറിന്റെ ഭാര്യ ആയിശാബി നല്‍കിയ പരാതിയിലാണ് മികച്ച ഗായകന്‍ കൂടിയായ ആലുങ്ങല്‍ അബൂബക്കറിനെ പോലീസ് തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.

എരമംഗലം (മലപ്പുറം): വടക്കേപ്പുറത്ത് മുഹമ്മദിന്റെ മകന്‍ അബൂബക്കറിനുപകരം ആലുങ്ങല്‍ മുഹമ്മദിന്റെ മകന്‍ അബൂബക്കറിനെ അറസ്റ്റുചെയ്ത് ജയിലിലടച്ച് പൊന്നാനി പോലീസ്. പോലീസിന്റെ നോട്ടപ്പിശകുമൂലം ആലുങ്ങല്‍ അബൂബക്കര്‍ ജയിലില്‍ക്കിടന്നത് മൂന്നു ദിവസം.

തിരൂര്‍ കുടുംബകോടതിയില്‍ വടക്കേപ്പുറത്ത് അബൂബക്കറിന്റെ ഭാര്യ ആയിശാബി നല്‍കിയ പരാതിയിലാണ് മികച്ച ഗായകന്‍ കൂടിയായ ആലുങ്ങല്‍ അബൂബക്കറിനെ പോലീസ് തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. തിങ്കളാഴ്ച വൈകുന്നേരം വീട്ടിലെത്തിയ പോലീസ്, ഭാര്യയുടെ പരാതിയില്‍ അറസ്റ്റു വാറന്റുണ്ടെന്ന് പറഞ്ഞ് ആലുങ്ങല്‍ അബൂബക്കറിനെ കൊണ്ടുപോവുകയായിരുന്നു. ഈ അബൂബക്കറിന്റെ ഭാര്യയും ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ അടുത്തുനിന്ന് മാറി സ്വന്തംവീട്ടില്‍ കഴിയുകയായിരുന്നു. അവരും ഭര്‍ത്താവിനെതിരേ പോലീസില്‍ പരാതി കൊടുത്തിട്ടുണ്ടായിരുന്നു.

പോലീസ് കൊണ്ടുപോകുന്‌പോള്‍ മാതാവോ അബൂബക്കറിനൊപ്പമുള്ള മക്കളോ വീട്ടിലുണ്ടായിരുന്നില്ല. തിങ്കളാഴ്ച രാത്രി മുഴുവന്‍ പോലീസ് ലോക്കപ്പിലിട്ട അബൂബക്കറിനെ ചൊവ്വാഴ്ച തിരൂര്‍ കുടുംബകോടതിയില്‍ ഹാജരാക്കി. ഭാര്യ നല്‍കിയ പരാതിയില്‍ ചെലവിനു നല്‍കാനുള്ള വകയില്‍ 4,03,000 രൂപ പിഴയടയ്ക്കാന്‍ കോടതി വിധിച്ചു. അമ്പരന്ന അബൂബക്കര്‍ കാര്യങ്ങള്‍ കൃത്യമായി ചോദിച്ചു മനസ്സിലാക്കാവുന്ന മാനസികാവസ്ഥയിലുമായിരുന്നില്ല.

പിഴയൊടുക്കാനാകാത്തതിനാല്‍ അബൂബക്കറിനെ തവനൂര്‍ സെന്‍ട്രല്‍ജയിലില്‍ റിമാന്‍ഡ് ചെയ്തു. പുറത്തിറക്കാന്‍ ബന്ധുക്കള്‍ അഭിഭാഷകന്‍വഴി ശ്രമം തുടങ്ങി. അപ്പോഴാണ് കുടുംബകോടതയില്‍നിന്ന് ഏപ്രില്‍ 27-ന് പൊന്നാനി എസ്.എച്ച്.ഒ.ക്ക് നല്‍കിയ വാറന്റ് നോട്ടീസില്‍ പറയുന്ന അബൂബക്കര്‍ വേറേയാണെന്ന് തിരിച്ചറിയുന്നത്.