ഷാഹിദ് അഫ്രീദി, 2007-ലെ ആദ്യ ടി20 ലോകകപ്പിലെ മികച്ച താരത്തിനുള്ള ട്രോഫിയുമായി | PTI, REUTERS

ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് സൂപ്പര്‍ താരം ഷാഹിദ് അഫ്രീദിയെ ടി20 ലോകകപ്പ് ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. സാമൂഹിക മാധ്യമം വഴിയാണ് ഐ.സി.സി. ഇക്കാര്യം വെളിപ്പെടുത്തിയത്. വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ക്രിസ് ഗെയില്‍, ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട്, ഇന്ത്യയുടെ മുന്‍ താരം യുവരാജ് സിങ് എന്നിവര്‍ക്ക് പിന്നാലെയാണ് അഫ്രീദിയെ അംബാസഡറായി പ്രഖ്യാപിച്ചത്.

2007-ല്‍ നടന്ന ആദ്യ ടി20 ലോകകപ്പില്‍ പരമ്പരയിലെ താരമായിരുന്നു അഫ്രീദി. 34 ടി20 ലോകകപ്പ് മത്സരങ്ങളില്‍നിന്ന് 546 റണ്‍സ് നേടിയിട്ടുണ്ട്. 39 വിക്കറ്റുകളും സ്വന്തമാക്കി. രണ്ടുതവണ നാലുവിക്കറ്റ് നേട്ടം കൈവരിച്ചു. ലണ്ടനില്‍ നടന്ന 2009-ലെ രണ്ടാം ടി20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് പാകിസ്താന്‍ ചാമ്പ്യന്മാരായിരുന്നു. അഫ്രീദിയായിരുന്നു ആ മത്സരത്തിലെ മികച്ച താരം.

ജൂണ്‍ ഒന്നുമുതല്‍ 29 വരെ കരീബിയനിലും യു.എസ്.എ.യിലുമാണ് ടി20 ലോകകപ്പ്. ഇത്തവണ 20 ടീമുകള്‍ മത്സരിക്കുന്നുണ്ട്. അഞ്ച് ടീമുകള്‍ ഉള്‍പ്പെടുന്ന നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഒരേ ഗ്രൂപ്പിലുള്ള ഇന്ത്യയും പാകിസ്താനും തമ്മില്‍ ജൂണ്‍ ഒന്‍പതിന് മത്സരമുണ്ട്. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.