കനി കുസൃതിയും ദിവ്യ പ്രഭയും | Photo: instagram/ festivaldecannes

കാന്‍ ചലച്ചിത്രോത്സവത്തില്‍ കേരളത്തിന് അഭിമാനമായി കനി കുസൃതിയും ദിവ്യ പ്രഭയും ഹൃദു ഹാറൂണും. പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ചാണ് ഇവര്‍ കാനിലെത്തിയത്. 30 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ ചിത്രം കാനിലെ പാം ഡി ഓര്‍ പുരസ്‌കാരത്തിനായി മത്സരിക്കുന്നുവെന്ന നേട്ടവും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് സ്വന്തമാക്കിയിരുന്നു.

നിറഞ്ഞ തിയേറ്ററിലെ പ്രദര്‍ശനത്തിന് ശേഷം ചിത്രത്തിലെ താരങ്ങള്‍ റെഡ് കാര്‍പറ്റില്‍ അണിനിരന്നു. ഐവറി നിറത്തിലുള്ള ഗൗണായിരുന്നു കനി കുസൃതിയുടെ ഔട്ട്ഫിറ്റ്. പഫ് സ്ലീവോട് കൂടിയ ഗൗണിന് ഡീപ് നെക്കാണ് നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം ഹാങിങ് കമ്മലും വെള്ള നിറത്തിലുള്ള ഷൂവും ധരിച്ചു.

എന്നാല്‍ കനി കൈയില്‍ പിടിച്ച ബാഗാണ് എല്ലാവരുടേയും ശ്രദ്ധ കവര്‍ന്നത്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്റെ ഡിസൈനാണ് ഈ ബാഗിന് നല്‍കിയിരിക്കുന്നത്. കനി ഈ ബാഗും പിടിച്ച് നില്‍ക്കുന്ന ചിത്രം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ബ്രൗണ്‍ നിറത്തിലുള്ള ഷര്‍ട്ട് ടൈപ്പ് ഗൗണ്‍ ധരിച്ചാണ് ദിവ്യപ്രഭ റെഡ് കാര്‍പറ്റിലെത്തിയത്. ബ്രാലെറ്റ് ഷര്‍ട്ടില്‍ അതീവ ഗ്ലാമറസ് ലുക്കിലായിരുന്നു താരം. ഐവറി നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമായിരുന്നു ഹൃദു ഹാറൂണിന്റെ ഔട്ട്ഫിറ്റ്. സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഛായ കദം ലെഹങ്കയും അതിന് മാച്ച് ചെയ്യുന്ന സ്യൂട്ട് ടൈപ്പ് ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്.

നിരവധി പേര്‍ ദിവ്യപ്രഭയുടേയും കനി കുസൃതിയുടേയും ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നടി ദര്‍ശന രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരുവരേയും അഭിനന്ദനം അറിയിച്ചു. ‘പെണ്ണുങ്ങള്‍ സിനിമയില്‍ ഇല്ല എന്ന വിഷമം തീരട്ടെ’യെന്നാണ് ചിത്രം പങ്കുവെച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം ചിത്രം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.