സ്വാതി മലിവാൾ, അരവിന്ദ് കെജ്‌രിവാൾ| photo:PTI

ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വെച്ചുണ്ടായ ദുരനുഭവം വിവരിച്ച് ആം ആദ്മി പാര്‍ട്ടി രാജ്യസഭാ എം.പി സ്വാതി മലിവാള്‍. താന്‍ ആര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍അവര്‍ പറഞ്ഞു.

കെജ്‌രിവാളിന്റെ അടുത്ത അനുയായി ബിഭവില്‍ നിന്നുണ്ടാകുന്ന അക്രമണം അയാളുടെ തനിച്ചുള്ള പ്രവര്‍ത്തനമായിരുന്നോ അതോ മറ്റാരെങ്കിലും അതിന്റെ പിന്നിലുണ്ടോ എന്നതില്‍അന്വേഷണം നടക്കുകയാണ്. കെജ്‌രിവാള്‍ വീട്ടിലുണ്ടായിരുന്നപ്പോഴാണ് താന്‍ സ്വീകരണമുറിയില്‍വെച്ച് അക്രമിക്കപ്പെട്ടത്, അതുകൊണ്ടു തന്നെ ആര്‍ക്കും ക്ലീന്‍ ചീറ്റ് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. അലറി കരഞ്ഞു പക്ഷെ സഹായവുമായി ആരും എത്തിയില്ല – സ്വാതി പറഞ്ഞു.

‘കെജ്‌രിവാളിനെ കാണാനായി മെയ് 13-ന് രാത്രി ഒമ്പതിന് അദ്ദേഹത്തിന്റെ വസതിയില്‍ പോയി. അദ്ദേഹം വീട്ടിലുണ്ടെന്നും ഉടനെ കാണാമെന്നും പറഞ്ഞ് സ്റ്റാഫ് സ്വീകരണമുറിയില്‍ ഇരുത്തി. പെട്ടെന്നാണ് ബിഭാവ് കുമാര്‍ പ്രത്യക്ഷപ്പെടുന്നത്. കജ്‌രിവാള്‍ കാണാന്‍ വരുന്നുണ്ടെന്നും എന്താണ് സംവിക്കുന്നതെന്നും ഞാന്‍ ചോദിച്ചു. എന്നാള്‍ അയാള്‍ മര്‍ദ്ദിച്ചുകൊണ്ടാണ് പ്രതികരിച്ചത്. സര്‍വ്വ ശക്തിയോടും കൂടെ അയാള്‍ എന്നെ ഏഴെട്ടുതവണ മര്‍ദ്ദിച്ചു. തള്ളി മാറ്റാന്‍ ശ്രമിച്ചപ്പോള്‍ കാലില്‍ വലിച്ച് നിലത്തടിച്ചു, അതോടെ തല മേശയില്‍ ഇടിച്ച് നിലത്തേക്ക് വീണു. അയാളെന്നെ പലതവണ ചവിട്ടി. സഹായമഭ്യര്‍ത്തിച്ച് അലറിയ എനിക്ക് ആരുടെയും സഹായം കിട്ടിയില്ല.’

‘എനിക്കെന്ത് സംഭവിക്കുമെന്നോ എന്റെ ഭാവി എന്താകുമെന്നോ ഇവരെന്നെ എന്ത് ചെയ്യുമെന്നോ അറിയില്ല. നീതിക്കു വേണ്ടി പോരാടണമെന്നും സത്യത്തിനൊപ്പം നിക്കണമെന്നും ദുരനുഭവമുണ്ടായാല്‍ പരാതി രേഖപ്പെടുത്തണമെന്നും ഞാന്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന ഉപദേശം മാത്രമാണ് ഞാന്‍ ഓര്‍ത്തത്. എനിക്കെങ്ങനെയാണ് എന്റെ നീതിക്കുവേണ്ടി പോരാടാതിരിക്കാനാകുന്നത്’ – സ്വാതി പറഞ്ഞു.

ഈ വിഷയത്തെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കുന്നത് ശരിയല്ലെന്ന് സ്വാതി മലിവാളുമായി ബന്ധപ്പെട്ട് ചോദ്യത്തിന് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചിരുന്നു.