പിടിയിലായ പ്രതി സലിം

പ്രതി മൊബൈല്‍ ഫോണ്‍ പോലുള്ള ആശയവിനിമയമാര്‍ഗങ്ങള്‍ ഉപയോഗിക്കാത്തത് അന്വേഷണത്തില്‍ പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഒരൊറ്റ തവണ പ്രതി വീട്ടിലേക്ക് വിളിക്കുകയും ആ നമ്പര്‍ കണ്ടെത്താന്‍ പോലീസിന് സാധിച്ചതുമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.

കാസര്‍കോട്: ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ പ്രതി പിടിയില്‍. പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ പ്രതി പി.എ. സലീമിനെ ആന്ധ്രപ്രദേശില്‍ നിന്നാണ് പോലീസ് പിടികൂടിയത്. സംഭവം നടന്ന് പത്തുദിവസമാകുമ്പോഴാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. പ്രതി മൊബൈല്‍ ഫോണ്‍ പോലുള്ള ആശയവിനിമയമാര്‍ഗങ്ങള്‍ ഉപയോഗിക്കാത്തത് അന്വേഷണത്തില്‍ പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഒരൊറ്റ തവണ പ്രതി വീട്ടിലേക്ക് വിളിക്കുകയും ആ നമ്പര്‍ കണ്ടെത്താന്‍ പോലീസിന് സാധിച്ചതുമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.

ഇയാള്‍ക്കായി കേരളത്തിന്റെ അതിര്‍ത്തിപ്രദേശങ്ങള്‍ കൂടാതെ, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും തിരച്ചിലിനായി കാസര്‍കോട് നിന്നുള്ള അന്വേഷണസംഘങ്ങള്‍ തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആന്ധ്രയിലെത്തിയതും പ്രതിയെ പിടികൂടിയതും. വെള്ളിയാഴ്ച രാത്രിയോടുകൂടി പ്രതിയെ കാഞ്ഞങ്ങാട് എത്തിക്കുമെന്ന വിവരമാണ് പോലീസിന്റെ ഉന്നതവൃത്തങ്ങളില്‍നിന്ന് ലഭിക്കുന്നത്.

ഭാര്യയും മക്കളോടുമൊപ്പം പെണ്‍കുട്ടിയുടെ വീടിന് അടുത്ത് വര്‍ഷങ്ങളായി ഇയാള്‍ താമസിച്ചുവരികയായിരുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പ് കാസര്‍കോട് മേല്‍പ്പറമ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത സമാനരീതിയിലുള്ള മറ്റൊരു പോക്‌സോ കേസിലും സലീം പ്രതിയാണ്.കാസര്‍കോട് പോലീസ് മേധാവി പി. ബിജോയിയുടെ നേതൃത്വത്തില്‍ മൂന്ന് ഡിവൈ.എസ്.പി.മാരാണ് കേസ് അന്വേഷിക്കുന്നത്. സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം പ്രതിയുടെ തിരച്ചിലില്‍ പങ്കെടുത്തിരുന്നു.

കേസില്‍ ദ്രുതഗതിയിലുള്ള അന്വേഷണമാണ് പോലീസ് നടത്തിയത്. നേരത്തെ, സംഭവം നടന്ന പ്രദേശത്തേക്ക് ഉത്തരമേഖല ഡി.ഐ.ജി. നേരിട്ടെത്തുകയും എസ്.പിയുമായി കൂടിച്ചേര്‍ന്ന് യോഗം നടത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. വി. രതീഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്.

മേയ് 15 ന് പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ എടുത്ത് അരക്കിലോമീറ്റര്‍ അകലെയുള്ള വയലിലെത്തിച്ച് പീഡിപ്പിച്ചത്. കുട്ടിയുടെ സ്വര്‍ണക്കമ്മല്‍ ഊരിയെടുത്തശേഷമാണ് പ്രതി കടന്നുകളഞ്ഞത്.കുട്ടിയുടെ വീടിന് സമീപത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.